കൊടുംകുറ്റവാളിയായ ഇന്ത്യന്‍ വംശജനെ കണ്ടെത്തുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് പീല്‍ റീജിയണല്‍ പോലീസ് 

By: 600002 On: Apr 26, 2025, 9:42 AM

 


മിസിസാഗയില്‍ പെട്രോ-കാനഡ ഗ്യാസ് സ്‌റ്റേഷനില്‍ യുവതിയെ വെടിവെച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് തിരയുന്ന ഇന്ത്യന്‍ വംശജനായ പ്രതിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് പീല്‍ റീജിയണല്‍ പോലീസ്. ബോലോ പ്രോഗ്രാമില്‍ ഉള്‍പ്പെട്ട കാനഡയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിലുള്ള  ധരം ധലിവാള്‍(32)നെയാണ് പോലീസ് തിരയുന്നത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ വരെ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 

2022 ഡിസംബര്‍ 3 നാണ് കൊലപാതകം നടന്നത്. മിസിസാഗ ക്രെഡിറ്റ് വ്യൂ റോഡിന്റെയും ബ്രിട്ടാനിയ റോഡ് വെസ്റ്റിന്റെയും സമീപമുള്ള ഗ്യാസ് സ്റ്റേഷനില്‍ വെച്ച് ബ്രാംപ്ടണ്‍ സ്വദേശിനിയായ പവന്‍പ്രീത് കൗര്‍ എന്ന 21 കാരിയെ ധരംധലിവാള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ പവന്‍പ്രീത് കൗര്‍ ധലിവാളിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെട്ട ഇയാള്‍ ഒളിവില്‍ തുടരുകയാണ്.  ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഇയാളുടെ രണ്ട് കുടുംബാംഗങ്ങളെ 2023 ല്‍ ന്യൂബ്രണ്‍സ്‌വിക്ക് മോങ്ക്ടണില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റവും ചുമത്തിയിട്ടുണ്ട്. 

അഞ്ചടി ഏഴടി ഉയരമുള്ള ധരംധലിവാളിന് കറുത്ത മുടിയും തവിട്ടുനിറമുള്ള കണ്ണുകളുമാണുള്ളത്. ഇടതുകൈയിലും കൈത്തണ്ടയിലും പച്ചകുത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇയാള്‍ ആയുധധാരിയും അപകടകാരിയുമാണെന്നും ഇയാളെ കണ്ടെത്തുന്നവര്‍ സമീപിക്കരുതെന്നും പോലീസ് അറിയിച്ചു. ഉടന്‍ 905-453-3311, 1-800-222-8477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.