കാനഡയില്‍ വിദേശ പൗരന്മാര്‍ക്ക് വീടുകള്‍ വാങ്ങുന്നതിനുള്ള വിലക്ക്; ഭൂരിപക്ഷം കനേഡിയന്‍ പൗരന്മാരും പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ട്

By: 600002 On: Apr 26, 2025, 8:49 AM

 

കാനഡയില്‍ വിദേശ പൗരന്മാര്‍ക്ക് വീട് വാങ്ങുന്നതിന് കനേഡിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെ ഭൂരിപക്ഷം കനേഡിയന്‍ പൗരന്മാരും പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുറത്തിറക്കിയ Research Co. യുടെ സര്‍വേ പ്രകാരം 76 ശതമാനം കനേഡിയന്‍ പൗരന്മാരും ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു. നിരോധനം 2027 ജനുവരി 1 വരെ പ്രാബല്യത്തില്‍ തുടരും. അതേസമയം, സര്‍വേയില്‍ പങ്കെടുത്തവരില്‍ 13 ശതമാനം പേര്‍ നിരോധനത്തെ എതിര്‍ക്കുന്നുവെന്നും 11 ശതമാനം പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും പറഞ്ഞു. 

ഫെഡറല്‍ സര്‍ക്കാര്‍ കുടിയേറ്റക്കാരുടെ എണ്ണത്തെ അഫോര്‍ഡബിള്‍ ഹൗസിംഗ് ലക്ഷ്യങ്ങളുമായും പുതിയ ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങളുമായും ബന്ധിപ്പിക്കണമെന്ന് കനേഡിയന്‍ പൗരന്മാരില്‍ പത്തില്‍ ആറ് പേര്‍ പറയുന്നു. അഫോര്‍ഡബിളായ വീടുകള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ കനേഡിയന്‍മാരില്‍ മൂന്നിലൊന്ന് പേര്‍ മാത്രമേ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഡെവലപ്പര്‍മാരെ പൂര്‍ണമായോ ഭാഗികമായോ വിശ്വസിക്കുന്നുള്ളൂവെന്നും സര്‍വേയില്‍ കണ്ടെത്തി.