കാനഡയിൽ നിലവിലെ വോട്ടെടുപ്പ് സമ്പ്രദായം പരിഷ്കരിക്കണമെന്ന ആവശ്യവുമായി ലോങ്ങസ്റ്റ് ബാലറ്റ് പ്രതിഷേധം

By: 600110 On: Apr 25, 2025, 11:09 AM

 

കാനഡയിൽ നിലവിലെ വോട്ടെടുപ്പ് സമ്പ്രദായം കാലാനുസൃതമായി പരിഷ്കരിക്കണമെന്ന ആവശ്യവുമായുള്ള വേറിട്ട പ്രതിഷേധം ശ്രദ്ധേയമാകുന്നു. ലോങ്ങസ്റ്റ് ബാലറ്റ് എന്നാണ് പുതിയ പ്രതിഷേധത്തിൻ്റെ പേര്. ഇതനുസരിച്ച് ഒരു മണ്ഡലത്തിൽ പരമാവധി പേർ സ്ഥാനാർത്ഥിയായി മല്സരിക്കുകയാണ് ചെയ്യുന്നത്. ഇതോടെ കൂടുതൽ പേര് രേഖപ്പെടുത്തേണ്ടതിനാൽ ബാലറ്റ് പേപ്പറിൻ്റെ നീളം കൂടും. അങ്ങനെയാണ് പ്രതിഷേധം ലോങ്ങസ്റ്റ് ബാലറ്റ് പ്രതിഷേധമായി അറിയപ്പെട്ടത്. ഇതനുസരിച്ച് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ മല്സരിക്കുന്ന കാൾട്ടനിൽ 91 സ്ഥാനാർഥികളാണ് ഉള്ളത്.

കൂടുതൽ വോട്ടുകൾ ലഭിക്കുന്നവർ ജയിക്കുന്ന ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ് സമ്പ്രദായമാണ് കാനഡയിലേത്. ജയിക്കുന്ന സ്ഥാനാർഥികൾക്ക് ഭൂരിപക്ഷത്തിനപ്പുറം 50 ശതമാനം വോട്ടുകൾ ലഭിക്കണമെന്ന നിബന്ധനയ കാനഡയിലില്ല. ഈ സമ്പ്രദായം യഥാർത്ഥ ജനവികാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് വിമർശകർ വാദിക്കുന്നത്. അതിനാൽ ഇതിനൊരു മാറ്റത്തിന് തെരഞ്ഞെടുപ്പ് പരിഷ്കരണം അനിവാര്യമെന്നും ഇവർ പറയുന്നു. അതിലേക്ക് ശ്രദ്ധ തിരിക്കുന്നതിനായാണ് ലോങ്ങസ്റ്റ് ബാലറ്റ് പ്രതിഷേധം. ഇത് ഇലക്ഷൻ കാനഡയ്ക്കും തലവേദനയുണ്ടാക്കുന്നുണ്ട്.  ഒരു മീറ്ററോളം നീളമുള്ള ബാലറ്റിന്റെ വലിപ്പവും പേരുകളുടെ എണ്ണവും കണക്കിലെടുത്താൽ , വോട്ടെണ്ണൽ അധികം വൈകാതിരിക്കാൻ അസാധാരണമായ നടപടികൾ സ്വീകരിച്ചേക്കാമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചിരുന്നു.  വോട്ടെണ്ണൽ വൈകുന്നത് ഒഴിവാക്കാൻ അധിക ജീവനക്കാരെ നിയമിക്കുക, അധിക പരിശീലന സെഷനുകൾ നടത്തുക, അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ദിവസം നേരത്തെ വോട്ടെണ്ണൽ ആരംഭിക്കുക തുടങ്ങിയവ നടപ്പാക്കാനാണ് ഇലക്ഷൻ കാനഡയുടെ നീക്കം.  എന്നിരുന്നാലും, ഫലങ്ങൾ സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കുമെന്ന് ഇലക്ഷൻസ് കാനഡ പറയുന്നു. ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ കൈകൊണ്ടാണ് എണ്ണുന്നത്.   ലോംഗസ്റ്റ് ബാലറ്റിൻ്റെ ഭാഗമായി മല്സരിക്കുന്ന പലരും പേരിന് മാത്രമാണ് സ്ഥാനാർത്ഥികൾ, തിരഞ്ഞെടുക്കപ്പെടാനോ പ്രചാരണം നടത്താനോ പോലും അവർ ഉദ്ദേശിക്കുന്നില്ല. തിരഞ്ഞെടുപ്പ് പരിഷ്കരണ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രതിഷേധിക്കുന്ന സ്ഥാനാർത്ഥികൾ പറയുന്നു.