കാനഡയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുവാന്‍ താല്പ്പര്യമുള്ളയാളുകളുടെ എണ്ണം കുത്തനെ ഇടിയുന്നതായി ഓട്ടോട്രേഡര് സര്‍വേ. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറഞ്ഞിട്ടും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പരിഗണിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാതായി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 42 ശതമാനം പേരും ഇലക്ട്രിക് വാഹനം വാങ്ങുന്നത് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 46 ശതമാനമായിരുന്നു. 2022 ല്‍ 68 ശതമാനം പേര് ഇലക്ട്രിക് വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. പ്രതികരിച്ചവരില്‍ 29 ശതമാനം പേര് ഇലക്ട്രിക് വാഹനം വാങ്ങുന്നത് മാത്രം പരിഗണിക്കുന്നതായി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 40 ശതമാനമായിരുന്നു.
1801 പേരെ ഉള്‍പ്പെടുത്തിയാണ് ഓട്ടോട്രേഡര് വെബ്സൈറ്റ് സര്‍വേ നടത്തിയത്. വാഹനങ്ങളുടെ വില കുറഞ്ഞിട്ടും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുറയുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ദീര്‍ഘകാല ചെലവുകളും ഡ്രൈവര്‍മാരില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഓട്ടോ ട്രേഡര്‍ വില സൂചിക പ്രകാരം, 2024 ലെ അവസാന പാദത്തില്‍ ഇലക്ട്രിക് വാഹന വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.8 ശതമാനം കുറഞ്ഞു.