കാനഡയിൽ അധികാരത്തിൽ എത്തിയാൽ ഗ്യാസ് ഉപയോഗിച്ചുള്ള വാഹനങ്ങൾക്കുള്ള നിരോധനം പിൻവലിക്കുമെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ. തെരഞ്ഞെടുപ്പ് പ്രചാരണം അതിൻ്റെ പ്രധാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ട്രൂഡോ സർക്കാർ നടപ്പാക്കിയ വിവാദപരമായ internal combustion engine നിരോധനം പിൻവലിക്കുമെന്ന് പൊയിലീവ്രെ വാഗ്ദാനം ചെയ്തത്. ഹാലിഫാക്സിലെ ഒരു കാർ ഡീലർഷിപ്പിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആണ് പിയറി പൊയിലീവ്രെ, ഗ്യാസ്, ഡീസൽ എഞ്ചിൻ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കാനുള്ള ലിബറലുകളുടെ പദ്ധതി അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തത്.
അടുത്ത വർഷം മുതൽ, കാനഡയിൽ വിൽക്കുന്ന കാറുകളിൽ 20 ശതമാനം ഇലക്ട്രിക് ആക്കാനും 2035ടെ ഇത് 100 ശതമാനമാക്കാനുമാണ് നിലവിലെ ലക്ഷ്യം. ബാറ്ററികളും ഒരു ചെറിയ ഗ്യാസോലിൻ എഞ്ചിനും ഉൾക്കൊള്ളുന്ന ഹൈബ്രിഡ് കാറുകൾപ്പോലും പുതിയ നിയമങ്ങൾ പ്രകാരം നിരോധിക്കപ്പെടും. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വൈദ്യുത വാഹനങ്ങൾക്കുള്ള ഇൻസെൻ്റീവ് കഴിഞ്ഞ വർഷം ട്രാൻസ്പോർട്ട് കാനഡ നിർത്തലാക്കിയിരുന്നു. ഇതോടെ ഗ്യാസ് ഉപയോഗിച്ചുള്ള വാഹനങ്ങൾ കുറയ്ക്കുകയെന്ന നടപടിയുടെ പ്രായോഗികതയെക്കുറിച്ചുള്ള സംശയങ്ങൾ ഉയർന്നുവരികയും ചെയ്തു. തുടർന്ന് ഈ നയം ഉപേക്ഷിക്കാൻ കാനഡയിലെ ഓട്ടോമോട്ടീവ് വ്യവസായത്തിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. സർക്കാർ തീരുമാനത്തെ തികച്ചും ഒരു ഫാൻ്റസി എന്നാണ് വെഹിക്കിൾ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ വിശേഷിപ്പിച്ചത്. ഈ ആഴ്ച പുറത്തിറങ്ങിയ ലെഗർ പോളിൽ, മിക്ക കനേഡിയൻമാരും 2035 ലെ internal combustion engine നിരോധനത്തെ എതിർക്കുന്നുവെന്ന് വ്യക്തമായിരുന്നു.