ഉപയോക്താക്കള്‍ക്ക് പഴയ ഫര്‍ണിച്ചര്‍ മാറ്റി പുതിയവ വാങ്ങിക്കാനുള്ള അവസരം ഒരുക്കി ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ഐകിയ സ്‌റ്റോര്‍. പഴയ ഫര്‍ണിച്ചര്‍ നല്‍കിയാല്‍ ഒരു ഗിഫ്റ്റ് കാര്‍ഡ് കൈപ്പറ്റാം. ഇതില്‍ തെരഞ്ഞെടുത്ത ഇനങ്ങള്‍ കൈമാറ്റം ചെയ്ത് പുതിയവ വാങ്ങാം. ഐകിയ ലൊക്കേഷനിലേക്ക് ഉപയോഗിച്ച, അധികം കേടുപാടുകള്‍ സംഭവിക്കാത്ത ഫര്‍ണിച്ചര്‍ കൊണ്ടുവരുമ്പോള്‍ ചെറിയ ഫര്‍ണിച്ചര്‍ ഇനങ്ങള്‍ക്ക് 25 ഡോളര്‍ നിരക്കിലുള്ള ഗിഫ്റ്റ് കാര്‍ഡ് ലഭിക്കും. വലിയ ഫര്‍ണിച്ചര്‍ ഇനങ്ങളാണെങ്കില്‍ 50 ഡോളര്‍ വിലയുള്ള ഗിഫ്റ്റ് കാര്‍ഡാണ് ലഭിക്കുക. ഏപ്രില്‍ 25 നും 26 നും ഇടയില്‍ എര്‍ത്ത് മന്തിന്റെ ഭാഗമായി ഫര്‍ണിച്ചര്‍ ബാങ്കുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പാവപ്പെട്ട കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപയോഗിച്ച ഫര്‍ണിച്ചറുകളും മറ്റ് വീട്ടുപകരണങ്ങളും പുനര്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണ് ഫര്‍ണിച്ചര്‍ ബാങ്ക്.
ഒന്നിലധികം ഫര്‍ണിച്ചറുകള്‍ സ്വീകരിക്കുമെങ്കിലും ഒരാള്‍ക്ക് ഒരു ഗിഫ്റ്റ് കാര്‍ഡ് മാത്രമേ ലഭ്യമാകൂ. കൊണ്ടുവരുന്ന പഴയ ഫര്‍ണിച്ചറുകള്‍ വൃത്തിയുള്ളവയായിരിക്കണം. ശരീരസ്രവങ്ങള്‍, പൂപ്പല്‍ ബാധ, കറ തുടങ്ങിയവയൊന്നും ഉണ്ടാകരുത്. കൂടാതെ എല്ലാ ഫര്‍ണിച്ചര്‍ ഇനങ്ങളും ബാങ്കിലെ പ്രവര്‍ത്തകര്‍ പരിശോധിക്കും. സോഫ, ഡൈനിംഗ് ടേബിളുകള്‍, ക്രെഡന്‍സ, ഡിസ്അസംബ്ലിംഗ് ചെയ്ത കട്ടിലുകള്‍, ഡ്രെസ്സറുകള്‍, ഡെസ്‌ക്കുകള്‍ തുടങ്ങിയവയാണ് വലിയ ഇനങ്ങളില്‍ ഉള്‍പ്പെടുന്നവ. നാലില്‍ താഴെ ആളുകള്‍ക്ക് ഇരിക്കാവുന്ന മേശകള്‍, എന്‍ഡ് ടേബിളുകള്‍, ബുക്ക് ഷെല്‍ഫുകള്‍, കസേരകള്‍, ഫ്‌ളോര്‍ ലാമ്പുകള്‍,നൈറ്റ്സ്റ്റാന്‍ഡുകള്‍, കണ്ണാടികള്‍ എന്നിവയാണ് ചെറിയ ഫര്‍ണിച്ചര്‍ ഇനങ്ങളില്‍ ഉള്‍പ്പെടുന്നവ. അതേസമയം, ഓഫീസ് ഫര്‍ണിച്ചറുകള്‍, ഡെക്കറേഷന്‍, വീട്ടുപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, മെത്തകള്‍, ഇലക്ട്രോണിക്‌സ് എന്നിവ സ്വീകരിക്കില്ലെന്നും ഐകിയ വെബ്‌സൈറ്റില്‍ പറയുന്നു.