ഡ്രൈവര്‍മാര്‍ക്ക് പുതിയ ഡിസ്‌കൗണ്ട് പ്രോഗ്രാം അവതരിപ്പിച്ച് ഐസിബിസി  

By: 600002 On: Apr 25, 2025, 9:18 AM

 


സ്പ്രിംഗ് സീസണില്‍ യൂസേജ് ബേസ്ഡ് ഡിസ്‌കൗണ്ട് പ്രോഗ്രാം അവതരിപ്പിച്ച് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ബീസി(ഐസിബിസി). വാഹനത്തിന്റെ ഓഡോമീറ്ററില്‍ പ്രതിവര്‍ഷം 15,000 കിലോമീറ്ററോ അതില്‍ കുറവോ ചേര്‍ക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അവരുടെ ഓപ്ഷണല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പുതിയ ഡിസ്‌കൗണ്ട് ലഭിക്കും. ബ്രിട്ടീഷ് കൊളംബിയയിലെ ഡ്രൈവര്‍മാരുടെ പ്രധാന മുന്‍ഗണന ചെലവ് ലാഭിക്കുക എന്നതാണെന്ന് ഐസിബിസി പ്രസിഡന്റും സിഇഒയുമായ ഡേവിഡ് വോങ് പറയുന്നു. പ്രവിശ്യയില്‍ താമസിക്കുന്ന ആളുകള്‍ക്ക് അഫോര്‍ഡബിളായ നിരക്കില്‍ ഓട്ടോ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും വോങ് പ്രസ്താവനയില്‍ പറഞ്ഞു. 

വാഹനമോടിക്കുന്നത് കുറയ്ക്കുന്നത് അപകടസാധ്യത കുറയ്ക്കുക മാത്രമല്ല, പരിസ്ഥിതിക്കും നല്ലതാണെന്ന് ഐസിബിസി പറയുന്നു. പരിസ്ഥിതി മലനീകരണം പ്രത്യേകിച്ച് വായു മലിനീകരണം കുറയാന്‍ ഈ പ്രോഗ്രാമിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15,000 കിലോമീറ്ററില്‍ താഴെ ദൂരം വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തെരഞ്ഞെടുത്ത ഐസിബിസി ഓപ്ഷണല്‍ കവറേജുകളില്‍ 10 മുതല്‍ 15 ശതമാനം വരെ ലാഭിക്കാന്‍ കഴിയും. ഒരു പോളിസി കാലയളവില്‍ ഡ്രൈവര്‍മാര്‍ എത്രമാത്രം ഡ്രൈവ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും തുക. 

2025 ജൂണ്‍ 1 നോ അതിനു ശേഷമോ പോളിസി പുതുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പുതിയ പോളിസി ലഭ്യമാകും. 15,000 കിലോമീറ്ററില്‍ താഴെ മാത്രമേ വാഹനമോടിച്ചിട്ടുള്ളൂ എന്ന് തെളിയിക്കാന്‍ ഒരു വര്‍ഷത്തെ ഇടവേളയില്‍ എടുത്ത ഓഡോമീറ്ററിന്റെ രണ്ട് ഫോട്ടോകള്‍ കൈവശമുണ്ടായാല്‍ മതി. മോട്ടോര്‍സൈക്കിള്‍, ആര്‍വി, കളക്ടര്‍ വാഹനം, മറ്റ് തെരഞ്ഞെടുത്ത വാഹനങ്ങള്‍ എന്നിവ ഡിസ്‌കൗണ്ട് ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ഡിസ്‌കൗണ്ട് ലഭിക്കണമെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് അര്‍ഹതയുള്ള വാഹനം ഉണ്ടായിരിക്കണം.