പ്രവിശ്യയില്‍ പടര്‍ന്നുപിടിക്കുന്ന അഞ്ചാംപനി സൃഷ്ടിക്കുന്ന ആശങ്കയും വാക്‌സിനേഷന്റെ പ്രാധാന്യവും പങ്കുവെച്ച് ആല്‍ബെര്‍ട്ട മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത്(CMOH) ഡോ. മാര്‍ക്ക് ജോഫ്. ഒരു മാധ്യമത്തിനു വേണ്ടി എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണുന്നത്. രോഗം എത്രത്തോളം ഗുരുതരമാണെന്നും വാക്‌സിനേഷന്‍ എടുക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും മാര്‍ക്ക് ജോഫ് ലേഖനത്തില്‍ വ്യക്തമാക്കുന്നു.
അഞ്ചാംപനി ഭയാനകമായ രോഗമാണ്. കുട്ടിക്കാലത്തെ മിക്ക അണുബാധകളെക്കാളും ഭീകരമായ രോഗാവസ്ഥയാണിതെന്നും ജോഫ് എഴുതുന്നു. അഞ്ചാംപനി ബാധിച്ച മിക്ക ആളുകളും സുഖം പ്രാപിക്കുമ്പോള്‍ ചിലര്‍ക്ക് രോഗം ഗുരുതരമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ കുത്തിവെപ്പിലൂടെ ഇതെല്ലാം പൂര്‍ണമായും തടയാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവിശ്യയിലെ നിലവിലെ അഞ്ചാംപനി വ്യാപനത്തെ ഗൗരവതരമായി എടുക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ജോഫിന്റെ ലേഖനത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. നിലവിലെ സാഹചര്യം ആശങ്കാജനകമാണെങ്കിലും ബഹുഭൂരിപക്ഷം കേസുകളും കണ്ടെത്താനാകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
ആരേഗ്യമന്ത്രി ആഡ്രിയാന ലാഗ്രാഞ്ച് സോഷ്യല്‍മീഡിയയില്‍ ജോഫിന്റെ അഭിപ്രായത്തിന് മറുപടി നല്‍കി. ലേഖനം ലിങ്ക് ചെയ്യുകയും അഞ്ചാംപനിയുടെ ആശങ്കകളും പരിഹാരമാര്‍ഗങ്ങളും പങ്കുവെച്ച ജോഫിന് നന്ദിയറിയിക്കുകയും ചെയ്തു.
അഞ്ചാംപനി കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഡോ. മാര്‍ക്ക് ജോഫ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും ഒഴിയുന്നത്. ജോഫിന്റെ കരാര്‍ കഴിഞ്ഞയാഴ്ച അവസാനിച്ചതായി പ്രവിശ്യ പ്രഖ്യാപിച്ചു. അതേസമയം, അദ്ദേഹത്തിന്റെ കരാര്‍ നീട്ടാത്തതിന്റെ കാരണം ആരോഗ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല.