പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; പാകിസ്ഥാനികൾക്ക് വിസ നല്‍കുന്നത് സസ്പെൻഡ് ചെയ്തു

By: 600007 On: Apr 24, 2025, 5:40 PM

 

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനികൾക്ക് വിസ നല്‍കുന്നത് ഇന്ത്യ സസ്പെൻഡ് ചെയ്തു. ഇതുവരെ നല്‍കിയ വിസകൾ ഞായറാഴ്ച റദ്ദാക്കും. മെഡിക്കൽ വിസകൾ ചൊവ്വാഴ്ചയോടെ റദ്ദാക്കും. പാകിസ്ഥാൻ പൗരൻമാർ ഇന്ത്യ വിടണമെന്നും ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിൽ നിന്ന് മടങ്ങണമെന്നും നിർദ്ദേശം നല്‍കി. 

 
അതേസമയം, പെഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. ആക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ആത്മാവിനെ തകർക്കാൻ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല. തീവ്രവാദത്തിന് ശിക്ഷ ഉറപ്പാണ്. നീതി നടപ്പായെന്ന് ഉ റപ്പാക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവർക്ക് മൗനപ്രാർത്ഥനയിലൂടെ ആദരം അർപ്പിച്ച ശേഷം ആയിരുന്നു മോദിയുടെ ശക്തമായ പ്രതികരണം.