ടൊറന്റോയുടെ പുതിയ ഏരിയ കോഡ് ഏപ്രില്‍ 26ന് നിലവില്‍ വരും 

By: 600002 On: Apr 24, 2025, 12:52 PM

 

ടൊറന്റോയിലെ പുതിയ ഏരിയ കോഡായ '942' ഏപ്രില്‍ 26 ശനിയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ടൊറന്റോയിലെ നാലാമത്തെ ഏരിയ കോഡാണ് 942. 2026 ഏപ്രിലോടെ നഗരത്തിന്റെ നിലവിലുള്ള ഏരിയ കോഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കനേഡിയന്‍ റേഡിയോ-ടെലിവിഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ 2023 ല്‍ 942 എന്ന നമ്പര്‍ ഏരിയ കോഡായി അംഗീകരിച്ചത്. 

നിലവിലുള്ള ഏരിയ കോഡുകള്‍ 416,647, 437 എന്നിവയാണ്. 416 ആണ് ഏറ്റവും പഴയ ഏരിയ കോഡ്. ഈ നമ്പര്‍ 1947 ലാണ് നിലവില്‍ വന്നത്. നിലവിലെ ഏരിയ കോഡുകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിനാല്‍ ടെലിഫോണ്‍ സേവന ദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും അവരുടെ സിസ്റ്റങ്ങളിലേയും ഉപകരണങ്ങളിലേയും ഡാറ്റ പുന:ക്രമീകരിക്കുന്നതിന് ആവശ്യമായ സമയം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.