മികച്ച കരിയര്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിരവധി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ആല്‍ബെര്‍ട്ട

By: 600002 On: Apr 24, 2025, 12:31 PM

 


മികച്ച പുതിയ കരിയര്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആല്‍ബെര്‍ട്ടയില്‍ നിരവധി തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പ്രവിശ്യയില്‍ ചില തൊഴില്‍ മേഖലകളില്‍ ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ജീവനക്കാരെ ആവശ്യമുള്ള ചില ജോലികളേതൊക്കെയാണെന്ന് പരിചയപ്പെടാം. ആല്‍ബെര്‍ട്ട സര്‍ക്കാര്‍ ഓരോ രണ്ട് വര്‍ഷത്തിലും അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന തൊഴില്‍ വിപണിയിലെ അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള ഒരു ഹ്രസ്വകാല തൊഴില്‍ പ്രവചനം പ്രസിദ്ധീകരിക്കാറുണ്ട്. 2024-26 വര്‍ഷത്തില്‍ തൊഴിലാളി ക്ഷാമം അനുഭവിക്കുന്ന മേഖലകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 

ടെക്‌നിക്കല്‍ ട്രേഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഓഫീസര്‍, കണ്‍ട്രോളര്‍, ഹെല്‍പ്പര്‍മാര്‍, മറ്റ് തൊഴിലാളികള്‍, ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍മാര്‍, ഓപ്പറേറ്റര്‍മാര്‍, നഴ്‌സ് എയ്ഡ്‌സ്, ഓര്‍ഡലീസ്, പേഷ്യന്റ് സര്‍വീസ് അസോസിയേറ്റ്, രജിസ്‌റ്റേര്‍ഡ് നഴ്‌സ്, രജിസ്‌റ്റേര്‍ഡ് സൈക്യാട്രിക് നഴ്‌സ് എന്നീ വിഭാഗങ്ങളിലെല്ലാം തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഈ മേഖലയിലേക്ക് കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ട്. പ്രവിശ്യയിലെ 45 ശതമാനം തൊഴിലുകളിലും പ്രകടമായി തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാല്‍ഗറിയിലും എഡ്മന്റണിലും ഇപ്പോള്‍ ചില തൊഴില്‍ മേഖലകളില്‍ നിയമനം നടത്തിവരികയാണ്. മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ തൊഴില്‍ മേഖലകളില്‍ അപേക്ഷകള്‍ അയക്കാം.