സൗത്ത് വാന്‍കുവറിലെ ഗുരുദ്വാര നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി വാന്‍കുവര്‍ പോലീസ്. ഏപ്രില്‍ 19 ശനിയാഴ്ച രാവിലെയാണ് ചുവരെഴുത്തുകള്‍ കൊണ്ട് അജ്ഞാതര്‍ മറൈന്‍ ഡ്രൈവിനടുത്തുള്ള റോസ് സ്ട്രീറ്റിലുള്ള ഖല്‍സ ദിവാന്‍ സൊസൈറ്റി ഗുരുദ്വാര നശിപ്പിച്ചത്. പഞ്ചാബിയിലും ഇംഗ്ലീഷിലും പെയിന്റ് സ്‌പ്രേ ഉപയോഗിച്ച് എഴുതി വെച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വാന്‍കുവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സംഭവ സമയത്ത് ഗുരുദ്വാരയ്ക്ക് പുറത്തുണ്ടായിരുന്ന വാഹനത്തിന്റെയും രണ്ട് പേരുടെയും ചിത്രങ്ങള്‍ പോലീസ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തു.
പോലീസ് പുറത്തുവിട്ട ചിത്രങ്ങളിലുള്ള ആളുകളെയോ വാഹനത്തെയോ കുറിച്ച് വിവരം ലഭിക്കുന്നവര്‍ മുന്നോട്ട് വരണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. കുറ്റകൃത്യം നടന്ന സമയത്ത് പുലര്‍ച്ചെ 4 നും 4.30 നും ഇടയില്‍ വെളുത്ത നിറത്തിലുള്ള ട്രക്ക് ഈ പ്രദേശത്ത് കൂടി ഓടിച്ചുപോയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ട്രക്കിലുള്ളവര്‍ എന്ന് കരുതുന്ന രണ്ട് പേര്‍ ഗുരുദ്വാരയുടെ കവാടത്തിന് സമീപത്തായി എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരാള്‍ മഞ്ഞതൊപ്പിയും മഞ്ഞ ജാക്കറ്റും കറുത്ത പാന്റും ധരിച്ചിരുന്നു. മറ്റൊരാള്‍ കറുത്ത പാന്റിനൊപ്പം ചാരനിറത്തുള്ള ഹൂഡിയും ധരിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 604-717-2541 എന്ന നമ്പറില്‍ വാന്‍കുവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.