മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഹാനികരമായ ഒരു വിഷ സസ്യം ഒൻ്റാരിയോയിലുടനീളം പൂത്തു നില്ക്കുന്നു

By: 600110 On: Apr 24, 2025, 10:59 AM

 

മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും  ഹാനികരമായ ഒരു വിഷ സസ്യം ഒൻ്റാരിയോയിലുടനീളം പൂക്കുന്നതായി റിപ്പോർട്ട്. വസന്തകാലമായതോടെയാണ് നീലനിറത്തിലുള്ള പൂക്കൾ ഉള്ള ഈ ചെടി വ്യാപകമായി പൂക്കുന്നത്. പൂന്തോട്ടങ്ങളിലും പുൽത്തകിടികളിലും വനപ്രദേശങ്ങളിലും ഈ ചെടി വളരുന്നുണ്ട്. കാണാൻ മനോഹരമാണെങ്കിലും ഇതിൽ വിഷാംശം അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിൻ്റെ പ്രത്യേകത.   ഇത് കഴിച്ചാൽ വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്കും വിഷബാധയേല്ക്കും.

റഷ്യയിൽ നിന്നാണ് ഈ ചെടി വടക്കേ അമേരിക്കയിലേക്ക് എത്തിയത്.  സൈബീരിയൻ സ്ക്വിൽ അല്ലെങ്കിൽ സ്കില്ല എന്നറിയപ്പെടുന്ന ഈ ചെടി വടക്കേ അമേരിക്കയിൽ ഒരു അലങ്കാര സസ്യമായിട്ടാണ് ആദ്യം ഉപയോഗിച്ചത്. തിളക്കമുള്ള നീലയും വയലറ്റും കലർന്ന പൂക്കളും, ഏത് സാഹചര്യങ്ങളിലും തഴച്ചുവളരാനുള്ള കഴിവും ഈ ചെടിയെ  തോട്ടക്കാർക്ക് പ്രിയങ്കരമാക്കി. എന്നാലും, വേഗത്തിൽ പടരാനുള്ള അതിൻ്റെ കഴിവ് മറ്റ് പ്രാദേശിക സസ്യ ഇനങ്ങളെ പ്രതികൂലമായും ബാധിച്ചു. തണുപ്പിനെ പ്രതിരോധിക്കുന്ന ഈ ചെടി, ഏപ്രിലിൽ മുളച്ചു വരുന്ന വസന്തകാല എഫെമെറലുകളിൽ ആദ്യത്തേതാണ്. മഞ്ഞ് ഉരുകിയതിനു തൊട്ടുപിന്നാലെയാണ് പലപ്പോഴും പൂക്കുന്നത്. ഇത് വേരോടെ പിഴുതെറിയപ്പെട്ടാലും വീണ്ടും മുളയ്ക്കും.