ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എഡ്മന്റണിലേക്ക് യാത്രതിരിച്ച യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം എഞ്ചിനില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. എഞ്ചിനില്‍ മുയല്‍ കുടുങ്ങിയതാണ് തീപിടിക്കാനുണ്ടായ കാരണമെന്ന് ഫ്‌ളൈറ്റിലെ ഓഡിയോ റെക്കോര്‍ഡിംഗ് വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 13 ന് വൈകിട്ട് ഏഴ് മണിയോടെ പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് 2325 വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ തത്സമയ ഫീഡുകള്‍ നല്‍കുന്ന വെബ്‌സൈറ്റായ LiveATC.net പോസ്റ്റ് ചെയ്ത ഓഡിയോ റെക്കോര്‍ഡിംഗില്‍ എഞ്ചിനില്‍ നിന്ന് തീജ്വാല കണ്ടതായി ക്രൂഅംഗം വിളിച്ചുപറയുന്നു.
153 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. വിമാനം റണ്‍വേയില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഒരു മുയല്‍ എഞ്ചിനിലൂടെ കടന്നുപോകുന്നത് കണ്ടതായി ജീവനക്കാര്‍ക്ക് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.