കാനഡയിൽ അധികാരത്തിൽ എത്തിയാൽ ബജറ്റ് കമ്മി 70 ശതമാനം കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലിവ്രെ. പാർട്ടിയുടെ പുതുതായി പുറത്തിറക്കിയ പ്ലാറ്റ്‌ഫോമിലാണ് പ്രഖ്യാപനം. ചൊവ്വാഴ്ച വുഡ്ബ്രിഡ്ജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആണ് കാനഡയെ ലിബറൽ ഭരണത്തിൽ നിന്ന് പുറത്തുകൊണ്ടുവരാനുള്ള തൻ്റെ പാർട്ടിയുടെ പദ്ധതി നേതാവ് പിയറി പൊയിലീവ്രെ വ്യക്തമാക്കിയത്.
മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറലുകളേക്കാൾ വളരെ ഉത്തരവാദിവും കാഴ്ചപ്പാടുമുള്ള പദ്ധതിയാണ് തങ്ങളുടേത് എന്ന് പൊയ്‌ലിവ്രെ പറയുന്നു. ഉദ്യോഗസ്ഥാധിപത്യം, കൺസൾട്ടിംഗ് ഫീസ്, അനാവശ്യ ചെലവുകൾ, അമിതമായ വിദേശ സഹായം എന്നിവ ഒഴിവാക്കി നികുതിയും കടവും കുറയ്ക്കുന്ന ഒരു പദ്ധതിയാണ് തങ്ങളുടേത് എന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ അടുത്ത സർക്കാർ 31.4 ബില്യൺ ഡോളറിന്റെ കമ്മി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ലിബറൽ കാലഘട്ടത്തിലെ തോക്ക് കണ്ടുകെട്ടൽ അവസാനിപ്പിക്കുക, ആട്രിഷൻ വഴി പബ്ലിക് സർവീസ് കാര്യക്ഷമമാക്കുക, കാനഡയുടെ ലോ കാർബൺ ഇക്കണോമി ഫണ്ടും കാനഡ ഗ്രീനർ ഹോംസ് ലോൺ പ്രോഗ്രാമുകളും അവസാനിപ്പിക്കുക തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികളാണ് പ്രകടനപത്രികയിൽ ഉള്ളത്.