അഡ്വാൻസ് വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതായി ഇലക്ഷൻസ് കാനഡ

By: 600110 On: Apr 23, 2025, 3:42 PM

ഫെഡറൽ തെരഞ്ഞെടുപ്പിൻ്റെ അഡ്വാൻസ് വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതായി ഇലക്ഷൻസ് കാനഡ. 
മുൻകൂർ വോട്ടിംഗ് പ്രയോജനപ്പെടുത്തിയ ആളുകളുടെ എണ്ണം റെക്കോർഡുകൾ മറികടന്നതായാണ് റിപ്പോർട്ട്.  ഈസ്റ്റർ വാരാന്ത്യത്തോടൊപ്പം  അവസാനിച്ച നാല് ദിവസത്തെ മുൻകൂർ പോളിംഗ് കാലയളവിൽ ഏകദേശം 7.3 ദശലക്ഷം പേർ വോട്ട്  രേഖപ്പെടുത്തിയതായി ഫെഡറൽ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്ന ഏജൻസി പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു.

2021 ലെ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 5.85 ദശലക്ഷം മുൻകൂർ വോട്ടുകളിൽ നിന്ന് 25 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന്  ഇലക്ഷൻസ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. റെക്കോർഡ് ഭേദിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത് എന്ന് ഇലക്ഷൻസ് കാനഡയിലെ പ്രാദേശിക മാധ്യമ ഉപദേഷ്ടാവായ ഡുഗാൾഡ് മൗഡ്‌സ്‌ലി പറഞ്ഞു.
പ്രവിശ്യ തിരിച്ചുള്ള കണക്കുകൾ പുറത്തു വന്നിട്ടില്ല.  ഇലക്ടർമാർക്ക് നൽകിയ ഒരു ദശലക്ഷത്തിലധികം വോട്ടിംഗ് കിറ്റുകളിൽ 7,54,000ത്തിലധികം പ്രത്യേക ബാലറ്റ് വോട്ടിംഗ് കിറ്റുകൾ മെയിൽ വഴിയോ ഇലക്ഷൻസ് കാനഡ ഓഫീസുകളിലേക്കോ തിരികെ ലഭിച്ചിട്ടുണ്ട്. 2019 ലെ തിരഞ്ഞെടുപ്പിൽ മെയിൽ വഴിയോ ഇലക്ഷൻസ് കാനഡ ഓഫീസുകളിലോ വോട്ട് ചെയ്ത 6,60,020 പേരുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പ്രത്യേക ബാലറ്റ് വോട്ടിംഗ് കിറ്റിന് അപേക്ഷിക്കാൻ വോട്ടർമാർക്ക്  ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി വരെ സമയമുണ്ടായിരുന്നു. ഏപ്രിൽ 28നാണ് പൊതു  തിരഞ്ഞെടുപ്പ്.