ടൊറന്റോയില്‍ 150 ല്‍ അധികം സൈറ്റുകള്‍ സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരം ഒരുങ്ങുന്നു 

By: 600002 On: Apr 23, 2025, 12:15 PM

 


ടൊറന്റോ നഗരത്തെക്കുറിച്ച് പഠിക്കാനും കൂടുതല്‍ മനസ്സിലാക്കാനും നഗരത്തിന്റെ ഭംഗി ആസ്വദിക്കാനുമായി ജനങ്ങള്‍ക്ക് അവസരം ഒരുങ്ങുകയാണ്. നഗരത്തിലെ 150 ല്‍ അധികം പ്രധാന സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമാണിത്. അതിനുള്ള സമയമാണ് 'ഡോര്‍സ് ഓപ്പണ്‍'( Doors Open).  സൗജന്യമായി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരത്തിന്റെ വാതിലുകളാണ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.  ഒന്റാരിയോയിലും ടൊറന്റോയിലും സാധാരണയായി വാരാന്ത്യം മുഴുവന്‍ അടച്ചിട്ടിരുക്കുന്ന പ്രധാന കെട്ടിടങ്ങള്‍ ഡോര്‍സ് ഓപ്പണിലൂടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. സന്ദര്‍ശനം പൂര്‍ണമായും സൗജന്യമാണ്. 

ഒന്റാരിയോയില്‍ ഡോര്‍സ് ഓപ്പണ്‍ ഏപ്രില്‍ 26 ന് ഗ്വാള്‍ഫിലാണ്. ടൊറന്റോയില്‍ മെയ് 24 ന് ആരംഭിച്ച് മെയ് 25 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെയാണ് സന്ദര്‍ശന സമയം. ഡോര്‍സ് ഓപ്പണിലൂടെ ടൊറന്റോയിലെ വാസ്തുവിദ്യ, ചരിത്ര, സാംസ്‌കാരിക, സാമൂഹിക പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനും അവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും സാധിക്കും. 157 സൈറ്റുകള്‍ സന്ദര്‍ശിക്കാം. ആഗാ ഖാന്‍ മ്യൂസിയം, ബാറ്റ ഷൂ മ്യൂസിയം, ഒന്റാരിയോ നിയമസഭ, മ്യൂസിയം ഓഫ് കന്റംപററി ആര്‍ട്ട് ടൊറന്റോ, ഓള്‍ഡ് സിറ്റി ഹാള്‍, ടൊറന്റോ സിറ്റി ഹാള്‍ തുടങ്ങിയവയാണ് ചില സൈറ്റുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോര്‍സ് ഓപ്പണ്‍ പേജ് സന്ദര്‍ശിക്കുക.