ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള നഗരം; വാന്‍കുവര്‍ വളര്‍ച്ച കൈവരിക്കുന്നു; 29 ആം സ്ഥാനത്ത് 

By: 600002 On: Apr 23, 2025, 11:35 AM

 

ലോകത്ത് ഏറ്റവും കൂടുതല്‍ കോടീശ്വന്മാരുള്ള നഗരങ്ങളുടെ പട്ടികയില്‍ വാന്‍കുവറിന് 29 ആം സ്ഥാനം. കോടീശ്വരന്മാരുടെ എണ്ണത്തില്‍ വാന്‍കുവര്‍ മുന്നോട്ട് കുതിക്കുകയാണെങ്കിലും ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ പട്ടികയില്‍ വാന്‍കുവര്‍ ടൊറന്റോയേക്കാളും പിറകിലാണ്. കോടീശ്വരന്മാര്‍, സെന്റി-മില്യണയര്‍(100 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ ഉള്ളയാള്‍), ബില്യണയര്‍ എന്നിവരുടെ എണ്ണം വിലയിരുത്തിയാണ് റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. 2014 നും 2024 നും ഇടയിലുള്ള കോടീശ്വരന്മാരുടെ വളര്‍ച്ചയും റിപ്പോര്‍ട്ട് കാണിക്കുന്നു. ടൊറന്റോ ആദ്യ 20 ല്‍ സ്ഥാനം നേടി. 15 ആം സ്ഥാനത്താണ് ടൊറന്റോ. 

റിപ്പോര്‍ട്ട് അനുസരിച്ച് 2024 ഡിസംബര്‍ വരെ വാന്‍കുവറില്‍ 46,400 കോടീശ്വരന്മാരാണുള്ളത്. 90 സെന്റി മില്യണയര്‍മാര്‍, 11 ശതകോടീശ്വരന്മാര്‍ എന്നിങ്ങനെയാണ് കണക്ക്. 2022 ലെ സെന്‍സസ് പ്രകാരം വാന്‍കുവറിലെ 46,400 കോടീശ്വരന്മാര്‍ നഗരത്തിലെ മൊത്തം ജനസംഖ്യയുടെ ആറ് ശതമാനത്തോളം വരും.

കോടീശ്വരന്മാരുടെ എണ്ണത്തില്‍ ന്യൂയോര്‍ക്കാണ് ഒന്നാം സ്ഥാനത്ത്. 384,500 കോടീശ്വരന്മാരാണ് ന്യൂയോര്‍ക്കിലുള്ളത്. തൊട്ടുപിന്നാലെ 342, 400 പേരുമായി ബേ ഏരിയയും 292,300 പേരുമായി ടോക്യോയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.