ആല്‍ബെര്‍ട്ടയില്‍ അഞ്ചാംപനി കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. ഈസ്റ്ററിനോടനുബന്ധിച്ചുള്ള നീണ്ട അവധിദിവസങ്ങളില്‍ 29 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രവിശ്യയില്‍ ഇതുവരെ 118 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രവിശ്യയിലുടനീളം വിവിധ പ്രദേശങ്ങളില്‍ അഞ്ചാംപനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എഎച്ച്എസ് മുന്നറിയിപ്പ് നല്‍കി. എല്ലാവരും പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് എഎച്ച്എസ് നിര്‍ദ്ദേശിച്ചു.
അതേസമയം, നോര്‍ത്ത് ഹെല്‍ത്ത് റീജിയണില്‍ ഏപ്രില്‍ 15,16 തിയതികളില്‍ അഞ്ചാം പനി ബാധിച്ച വ്യക്തി പീസ് റിവര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ അത്യാഹിത വിഭാഗം സന്ദര്‍ശിച്ചിരുന്നു. അന്ന് അവിടെയുണ്ടായിരുന്ന, രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ക്ക് അഞ്ചാം പനി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് എഎച്ച്എസ് മുന്നറിയിപ്പ് നല്‍കി. ഇവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു.