ആയുധങ്ങൾ കണ്ടെത്താൻ എഐ സംവിധാനം ഒരുക്കി കാനഡയിലെ ആശുപത്രികൾ

By: 600110 On: Apr 22, 2025, 12:31 PM

രാജ്യത്തുട നീളം ആരോഗ്യ പ്രവർത്തകർക്കെതിരെ  അക്രമ സംഭവങ്ങൾ വർദ്ധിച്ചു വരുന്നതിനാൽ എഐ സംവിധാനത്തിലൂടെ പ്രതിരോധം തീർക്കാൻ ഒരുങ്ങി കാനഡയിലെ ആശുപത്രികൾ. ആയുധങ്ങൾ കണ്ടെത്താനുള്ള ഒരു എ ഐ സംവിധാനം ലണ്ടൻ ഹെൽത്ത് സയൻസസ് സെൻ്ററിൽ സ്ഥാപിച്ചു.  ഒൻ്റാരിയോയിലെ ആരോഗ്യ  ശൃംഖല ഏപ്രിൽ 15 ന് ആണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയത്.  മെയ് 6 ന് വിക്ടോറിയ ഹോസ്പിറ്റലിൽ അടുത്തത് സ്ഥാപിക്കും.

AI ആയുധ ഡിറ്റക്ടറുകൾ സ്ഥാപിക്കുന്ന കാര്യം കഴിഞ്ഞ മെയ് മാസം മുതൽ ചർച്ചയിലായിരുന്നു എന്ന് ഹെൽത്ത് സയൻസ് സെൻ്റർ തലവൻ ഡേവിഡ് മുസിജ് പറഞ്ഞു. എന്നാൽ ഡിസംബറിൽ ആയുധധാരി  ഒരാളെ ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റിയ സംഭവത്തെ തുടർന്നാണ് ഇത് പെട്ടെന്ന് നടപ്പിലാക്കാനുള്ള തീരുമാനം എടുത്തത്  എന്നും  അദ്ദേഹം പറഞ്ഞു.
അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കുന്ന ഏതൊരാളും  ഡിറ്റക്ടറിൻ്റെ നിരീക്ഷണത്തിലായിരിക്കും. സാധാരണ മെറ്റൽ ഡിറ്റക്ടറിൽ നിന്ന് വ്യത്യസ്തമായി, കത്തികൾ, തോക്കുകൾ തുടങ്ങിയ ആയുധങ്ങൾ  തിരിച്ചറിയാൻ AI ക്ക് സാധിക്കും.  .
നിങ്ങളുടെ മൊബൈൽ ഫോണോ താക്കോലോ പുറത്തെടുക്കേണ്ടതില്ല, ബെൽറ്റോ , ഷൂസോ ഊരേണ്ടതില്ല. എങ്കിലും കത്തിയുടെ രൂപം, വലിപ്പം, ലോഹം എന്നിവയെല്ലാം ഇത് തിരിച്ചറിയും, അതേ സമയം  മൊബൈൽ ഫോൺ,  താക്കോലുകൾ തുടങ്ങിയവയെ ഇവ അവഗണിക്കുകയും ചെയ്യും.