ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എഞ്ചിനില്‍ തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. എന്നാല്‍ ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം. ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയാരാന്‍ തയാറെടുത്ത ഡെല്‍റ്റ എയര്‍ വിമാനത്തിനാണ് തീപിടിച്ചത്. അപകടമുണ്ടായി ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11.15 ഓടെയാണ് തീപിടുത്തമുണ്ടായത്. ഡെല്‍റ്റ എയര്‍ലൈനിന്റെ 1213 വിമാനത്തിനാണ് തീപിടിച്ചത്. ഓര്‍ലാന്‍ഡോയില്‍ നിന്ന് അറ്റ്ലാന്റയിലേക്ക് പോവുകയായിരുന്നു വിമാനം.
സംഭവസമയത്ത് 282 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം കയറി പുറപ്പെടാന്‍ തയാറെടുക്കുന്നതിനിടെയാണ് എഞ്ചിനിലെ തീ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് പറഞ്ഞു. ഉടന്‍ തന്നെ ജീവനക്കാര്‍ സുരക്ഷാ നടപടികള്‍ ആരംഭിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. യാത്രക്കാര്‍ പകര്‍ത്തിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.