ബാലറ്റ് പേപ്പറിൽ പെൻസിലോ, പേനയോ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താമെന്ന് ഇലക്ഷൻസ് കാനഡ

By: 600110 On: Apr 21, 2025, 2:29 PM

ബാലറ്റ് പേപ്പറിൽ പെൻസിലോ, പേനയോ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താമെന്ന് ഇലക്ഷൻസ് കാനഡ. ബാലറ്റ് പേപ്പറിൽ പെൻസിൽ മാത്രമെ ഉപയോഗിക്കാവൂ എന്ന് സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ബാലറ്റിലെ കൃത്രിമം ഒഴിവാക്കുന്നതിനായി പേന ഉപയോഗിക്കണമെന്നും ചില  പോസ്റ്റുകൾ ആവശ്യപ്പെടുന്നുണ്ട്.  ഇതേ  തുടർന്നാണ് ഇലക്ഷൻസ് കാനഡ ബാലറ്റ് പേപ്പറിൽ പെൻസിലോ, പേനയോ ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയത്.

പെൻസിൽ കൊണ്ട് ബാലറ്റിൽ അടയാളപ്പെടുത്തിയാൽ, അത് മങ്ങുകയോ മായ്ക്കപ്പെടുകയോ ചെയ്‌തേക്കാമെന്നും, അതിനാൽ വോട്ട് കണക്കാക്കില്ലെന്നും ഉള്ള വാദം തെറ്റാണെന്ന് ഇലക്ഷൻസ് കാനഡ വെബ് സൈറ്റിലൂടെ വ്യക്തമാക്കി. വോട്ടർമാർക്ക് പോളിംഗ് ഉദ്യോഗസ്ഥർ കറുത്ത ലെഡ് പെൻസിലുകൾ നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്.  എന്നാൽ ആവശ്യമെങ്കിൽ പേനയോ മറ്റേതെങ്കിലും എഴുത്ത് ഉപകരണമോ ഉപയോഗിക്കാവുന്നതാണെന്ന് ഏജൻസി പറയുന്നു. പേനകളിലെ മഷി ഉണങ്ങുകയോ ചോരുകയോ ചെയ്യാൻ സാധ്യതയുണ്ട്. ഇത് ബാലറ്റ് പേപ്പറിനെ ഉപയോഗശൂന്യമാക്കാൻ ഇടയുണ്ട്.  അതിനാലാണ് തങ്ങൾ പെൻസിലുകൾ ഉപയോഗിക്കുന്നതെന്നും ഇലക്ഷൻസ് കാനഡ അറിയിച്ചു. തിരഞ്ഞെടുപ്പ് ദിവസം വോട്ടെണ്ണൽ സമയമാകുമ്പോൾ മാത്രമേ ബാലറ്റുകൾ തുറക്കാറുള്ളൂ. എല്ലാ ബാലറ്റുകളും എണ്ണുന്നത് തിരഞ്ഞെടുപ്പ് ജീവനക്കാരാണ്. സ്ഥാനാർത്ഥികളുടെ പ്രതിനിധികളായ സാക്ഷികളുടെ മുമ്പാകെയാണ് വോട്ടെണ്ണൽ നടത്തുന്നതെന്നും ഇലക്ഷൻസ് കാനഡ വെബ്‌സൈറ്റിലുണ്ട്.