മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് ഇത് 'ഡെയ്ഞ്ചറസ് സീസണ്‍'; സുരക്ഷിതമായി യാത്ര ചെയ്യാന്‍ നിര്‍ദ്ദേശിച്ച് കാല്‍ഗറി പോലീസ് 

By: 600002 On: Apr 21, 2025, 12:54 PM




മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് ഇപ്പോള്‍ സുരക്ഷിതമല്ലാത്ത യാത്രാ സമയമാണെന്ന് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി പോലീസ് സര്‍വീസ്. അമിതവേഗത്തില്‍ പായുന്ന മോട്ടോര്‍സൈക്കിളുകള്‍ അപകടത്തില്‍പ്പെടുന്ന നിരവധി സംഭവങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഇത്തരത്തില്‍ വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ നിന്നും വീണ് ഒരാള്‍ക്ക് പരുക്കുകളേറ്റതായി പോലീസ് പറയുന്നു. 

റോഡിലെ ചരലും മറ്റ് അവശിഷ്ടങ്ങളും, അപരിചിതമായ വഴികളിലൂടെയുള്ള മോട്ടോര്‍ സൈക്കിള്‍ യാത്രികരുടെ യാത്ര, ശൈത്യകാലത്ത് വാഹനങ്ങളിലുണ്ടാകുന്ന കേടുപാടുകള്‍, തുരുമ്പ് തുടങ്ങി വിവിധ കാരണങ്ങളാണ് ബൈക്ക് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് പോലീസ് പറയുന്നു. അപകടങ്ങളില്‍ മരണം വരെ സംഭവിക്കാറുണ്ടെന്ന് ഉദ്യേഗസ്ഥര്‍ പറഞ്ഞു.

2024 ല്‍ 29 ഗുരുതരമായ വാഹന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറഞ്ഞു. അതില്‍ 18 എണ്ണം കാല്‍നടയാത്രക്കാരോ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരോ ഉള്‍പ്പെടുന്നു. 2013 ന് ശേഷമുള്ള ഏറ്റവും മാരകമായ കൂട്ടിയിടികളാണ് 2024 ല്‍ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.