പ്രിയ താരത്തിന്റെ ജേഴ്‌സി കയ്യിൽ കിട്ടിയ സന്തോഷം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയും ചെയ്തു. 'ഡിയര്‍ ലാലേട്ടാ' എന്നാണ് ജേഴ്സിയിൽ മെസി എഴുതിയിരിക്കുന്നത്. ഡോ. രാജീവ് മാങ്കോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവർ ചേർന്നാണ് മോഹൻലാലിന് ഇത്തരമൊരു അപൂർവ്വ സമ്മാനം നൽകിയത്. അവർക്ക് അകമഴിഞ്ഞ നന്ദിയും മോഹൻലാൽ അറിയിക്കുന്നുണ്ട്.
"ജീവിതത്തിലെ ചില നിമിഷങ്ങൾ അങ്ങനെയാണ്. വാക്കുകൾക്ക് അതീതമായിരിക്കും. അത് എന്നും നിങ്ങളോടൊപ്പം ഉണ്ടാകുകയും ചെയ്യും. ഇന്ന് അത്തരമൊരു നിമിഷം എനിക്ക് ലഭിച്ചു. എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാന്‍ തുറന്നു നോക്കി. പെട്ടെന്ന് എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസതാരം ലയണല്‍ മെസി ഒപ്പുവെച്ച ജേഴ്‌സി. അതില്‍ എന്റെ പേരും എഴുതിയിരിക്കുന്നു", എന്നാണ് മോഹൻലാൽ സന്തോഷം പങ്കിട്ട് കുറിച്ചത്.
മോഹന്‍ലാലിന്‍റെ പോസ്റ്റിന് താഴെ ഒട്ടനവധി പേരാണ് കമന്‍റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ സന്തോഷം ആരാധകര്‍ എങ്ങനെ എടുത്തു എന്നതിനുള്ള തെളിവായി മാറിയിരിക്കുകയാണ് കമന്‍റ് ബോക്സ്. "ഒരാൾ ഭൂമിയിൽ പിറന്നത് ഫുട്ബോൾ കളിക്കാണെങ്കിൽ മറ്റൊരാൾ പിറന്നത് അഭിനയിച്ചു വിസ്മയിപ്പിക്കാനായി, ഒരു വിസ്മയത്തിന് മറ്റൊരു വിസ്മയം നൽകിയ സമ്മാനം, ഫുട്ബോളിന്‍റെ രാജാവ് അഭിനയത്തിന്‍റെ രാജാവ്", എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. അതേസമയം, ക്രിസ്റ്റ്യാനോ റെണാള്‍ഡോയുടെ ജേഴ്സിയും വേണമായിരുന്നുവെന്ന് ചില ആരാധകരും കമന്‍റില്‍ കുറിക്കുന്നുണ്ട്.