സൈബര്‍ക്രൈം സബ്‌സ്‌ക്രിപ്ഷന്‍ വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ആര്‍സിഎംപി 

By: 600002 On: Apr 19, 2025, 5:44 PM

 


കാനഡയില്‍ സബ്‌സ്‌ക്രിപ്ഷന്‍ വെബ്‌സൈറ്റായ ലാബ്‌ഹോസ്റ്റ് വഴിയുള്ള തട്ടിപ്പുകളില്‍ ഏകദേശം ഒരു മില്യണിലധികം ആളുകള്‍ ഇരകളായതായി റിപ്പോര്‍ട്ട്. കുറ്റവാളികള്‍ക്ക് തട്ടിപ്പ് നടത്താനും മോഷ്ടിക്കാനുമുള്ള സംവിധാനങ്ങള്‍ നിറഞ്ഞ വെബ്‌സൈറ്റാണ് ലാബ്‌ഹോസ്റ്റ്. ലാബ്‌ഹോസ്റ്റിന് പിന്നിലെ പ്രധാന പ്രതിയെ അടുത്തിടെ യുകെയില്‍ ജയിലില്‍ അടച്ചിരുന്നു. അതിനാല്‍ ലാബ്‌ഹോസ്റ്റിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച കനേഡിയന്‍ പൗരന്മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍സിഎംപിയുടെ സൈബര്‍ കോഓര്‍ഡിനേഷന്‍ സെന്ററും കാനഡയിലെ മറ്റ് വിവിധ പോലീസ് സേനകളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. 

ഏപ്രില്‍ 14 മുതല്‍ കനേഡിയന്‍ ലാബ്‌ഹോസ്റ്റ് ഉപയോക്താക്കള്‍ക്കെതിരെ പോലീസ് 10 ഓളം സെര്‍ച്ച് വാറണ്ടുകള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് പറയുന്നു. സംശയമുള്ള കുറ്റവാളികള്‍ക്കെതിരെ 118 എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ക്കും പോലീസ് പദ്ധതിയിടുന്നുണ്ട്. ലാബ്‌ഹോസ്റ്റിന്റെ ടൂള്‍സെറ്റ് ഉപയോഗിക്കുന്നത് തടയാന്‍ 12 രാജ്യങ്ങളിലെ നിയമപാലകര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രോജക്ട് നോവ( Project Nova) എന്ന ആഗോള പദ്ധതിയുടെ ഭാഗമാണിത്. കാനഡയില്‍ 14 പോലീസ് വകുപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

ലാബിഹോസ്റ്റ് ഒരു വര്‍ഷം മുമ്പ് അടച്ചുപൂട്ടിയെങ്കിലും ഇതിന്റെ ടൂള്‍സെറ്റുകള്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ ഇത് ഉപയോഗിക്കുന്നവരെ തടയുക എന്നതാണ് പോലീസ് സേനകള്‍ ലക്ഷ്യമിടുന്നത്.