ആൽബെർട്ടയിൽ സൈക്കിൾ  പാതകൾ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നതായി ഗതാഗത മന്ത്രി

By: 600110 On: Apr 19, 2025, 3:53 PM

 

ആൽബെർട്ട സൈക്കിൾ  പാതകൾ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നതായി ഗതാഗത മന്ത്രി.  പ്രവിശ്യയിലെ രണ്ട് പ്രധാന നഗരങ്ങളോടാണ്  പ്രധാന റോഡുകളിൽ നിന്ന് സൈക്കിൾ ലെയിനുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനെതിരെ ഇതിനോടകം പ്രതിഷേധവും ഉയർന്നു കഴിഞ്ഞു.  

ആൽബെർട്ടയിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് തടസ്സമാകുന്നതിനൊപ്പം ഗതാഗതക്കുരുക്കിനും സൈക്കിൾ ലൈൻ കാരണമാകുന്നുണ്ടെന്ന് മന്ത്രി ഡെവിൻ ഡ്രീഷെൻ പറയുന്നു.  റോഡ് ശൃംഖലകൾ വികസിപ്പിക്കുക എന്ന സർക്കാരിന്റെ ലക്ഷ്യം പൂർത്തീകരിക്കാനാണ് പല പ്രതിബന്ധങ്ങളും ഒഴിവാക്കാൻ  ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പ്രവിശ്യയിൽ നാം ലക്ഷ്യമിടുന്ന വളർച്ചാലക്ഷ്യം  നിറവേറ്റുന്നതിനായി റോഡുകൾ കൂട്ടിച്ചേർക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികൾക്കായി പ്രവിശ്യകൾ പണം നിക്ഷേപിക്കുന്നുണ്ട്.  മുനിസിപ്പാലിറ്റികളും അതേ കാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും  ഒരു അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.  എഡ്മണ്ടൻ കൗൺസിലർക്ക് തൻ്റെ അഭ്യർത്ഥന വിശദീകരിച്ച് ഒരു വീഡിയോയും കത്തും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു മന്ത്രിയുടെ അഭിപ്രായ പ്രകടനം. എഡ്മണ്ടൻ്റെ വടക്കുവശത്തുള്ള 132 അവന്യൂവിലെ ഏതാനും  ബ്ലോക്കുകളിൽ സൈക്കിൾ പാതകൾ നിർമ്മിക്കുന്നതിനുള്ള മൾട്ടി-ഇയർ പദ്ധതി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു