തെരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ് കാനഡയിലെ പാർട്ടികൾ. പ്രചരണങ്ങളിലൂടെ വംശീയ വോട്ടുകൾ ഉൾപ്പെടെ പെട്ടിയിലാക്കാനാണ് ശ്രമം. വോട്ടഭ്യർത്ഥിച്ചുള്ള പരസ്യങ്ങളിൽ വിവിധ വിദേശ ഭാഷകൾ മുതൽ പഞ്ചാബി വരെയുണ്ട്. പാർട്ടികൾ ബഹുഭാഷാ, മൾട്ടി-പ്ലാറ്റ്ഫോം തന്ത്രങ്ങൾ ഉപയോഗിച്ച് ഇഷ്ടപ്പെട്ട ഭാഷകളിൽ, വോട്ടർമാരെ ആകർഷിക്കാൻ ശ്രമിക്കുകയാണ്. ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോയിലെ 905 ബെൽറ്റ് പോലുള്ള സമ്പന്ന പ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളെയാണ് കൂടുതൽ ലക്ഷ്യമിടുന്നത്.
ഇതൊരു സവിശേഷമായ തിരഞ്ഞെടുപ്പാണ് എന്നും വളരെ കുറഞ്ഞ സമയപരിധിയും ഓൺലൈൻ പ്രചാരണങ്ങൾക്കായുള്ള ഭീമമായ ചെലവുമാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത എന്ന് EOK കൺസൾട്ട്സിൻ്റെ മാനേജിംഗ് പ്രിൻസിപ്പൽ ഹർനീത് സിംഗ് പറയുന്നു. സോഷ്യൽ മീഡിയ പരസ്യങ്ങൾക്കായി മാത്രം ഇതിനകം 5.6 മില്യൺ ഡോളർ വിവിധ പാർട്ടികൾ ചെലവിട്ട് കഴിഞ്ഞു. കാനഡയിൽ പത്ത് ലക്ഷത്തിലധികം വരുന്ന പഞ്ചാബി സമൂഹം, ബിസി, ഒൻ്റാരിയോയിലെ 905 മേഖല, കാൽഗറി, എഡ്മണ്ടൺ എന്നിവിടങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്നവരാണ്. ചരിത്രപരമായി, കുടിയേറ്റ ദക്ഷിണേഷ്യൻ സമൂഹങ്ങളിൽ ലിബറൽ പാർട്ടിക്കാണ് കൂടുതൽ പിന്തുണയുള്ളത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് ഒരു മാറ്റത്തെ അടയാളപ്പെടുത്തുകയാണ്. കാനഡയിലെ കൺസർവേറ്റീവ് പാർട്ടി പഞ്ചാബി ഭാഷാ പരസ്യങ്ങൾക്കായി വൻ തുക ചെലവഴിച്ചിട്ടുണ്ട്. കൊള്ള, കുറ്റകൃത്യം, വാഹന മോഷണം തുടങ്ങിയ സമൂഹത്തിൻ്റെ അടിയന്തിര ആശങ്കകളെ അഭിസംബോധന ചെയ്യുന്നതാണ് പരസ്യങ്ങൾ.