ആല്‍ബെര്‍ട്ടയിലെ താല്‍ക്കാലിക ചീഫ് മെഡിക്കല്‍ ഓഫീസറായി മുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. സുനില്‍ സൂക്രമിനെ ആരോഗ്യ വകുപ്പ് നിയമിച്ചു. മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മാര്‍ക്ക് ജോഫ് ഈ ആഴ്ച ആദ്യം സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പ്രവിശ്യ സൂക്രാമിനെ താല്‍ക്കാലിക ഓഫീസറായി നിയമിക്കുന്നതായി പ്രവിശ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2022 മുതല്‍ ആല്‍ബെര്‍ട്ടയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്നു മാര്‍ക്ക് ജോഫ്. ആല്‍ബെര്‍ട്ടയില്‍ അഞ്ചാംപനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സൂക്രമിനെ ആരോഗ്യ വകുപ്പിന്റെ മേധാവിയായി സര്‍ക്കാര്‍ നിയമിക്കുന്നത്.
സൂക്രം നിലവില്‍ ഷെര്‍വുഡ് പാര്‍ക്കിലെ സ്ട്രാത്ത്‌കോണ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഡയറക്ടറും ചീഫ് ഓഫ് മെഡിക്കല്‍ സ്റ്റാഫുമാണ്. ആല്‍ബെര്‍ട്ട സര്‍വകലാശാല എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ക്ലിനിക്കല്‍ പ്രൊഫസര്‍ കൂടിയായ അദ്ദേഹം, ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ഫിസിഷ്യനായും പ്രാക്ടീസ് ചെയ്യുന്നുണ്ട്.
സൂക്രമിന്റെ താല്‍ക്കാലിക നിയമനം ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുന്നുവെന്നും അതേസമയം പകരക്കാരനെ കണ്ടെത്തി നിയമിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളുന്നുവെന്നും പ്രവിശ്യ പ്രസ്താവനയില്‍ പറഞ്ഞു.