വ്യാഴാഴ്ച രാത്രി ഹാമില്‍ട്ടണിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. മോഹോക് കേളേജിലെ വിദ്യാര്‍ത്ഥിനിയായ 21 കാരി ഹര്‍സിമ്രത് രണ്‍ധാവയാണ് മരിച്ചത്. രാത്രി ഏഴരയോടെ ജെയിംസ് സ്ട്രീറ്റിലെ മൊഹാക്ക് റോഡ് ഏരിയയിലണ് വെടിവെപ്പ് നടന്നത്. ജോലിക്ക് പോകാന്‍ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു ഹര്‍സിമ്രതിന് നേരെ ലക്ഷ്യം തെറ്റി അപരിചിതന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവമറിഞ്ഞ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ ഹര്‍സിമ്രതിനെ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. മെഴ്‌സിഡസ് എസ്‌യുവിയിലെത്തിയയാളാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. വെള്ള സെഡാനിലെത്തിയ യാത്രക്കാര്‍ക്ക് നേരെയാണ് പ്രതി വെടിവെപ്പ് നടത്തിയത്. എന്നാല്‍ വെടിവെപ്പിനിടെ ഹര്‍സിമ്രതിന് വെടിയേല്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസില്‍ അറിയിക്കണമെന്നും ഹാമില്‍ട്ടണ്‍ പോലീസ് അറിയിച്ചു. സംഭവ ദിവസം രാത്രി 7.15 നും 7.45 നും ഇടയില്‍ പ്രദേശത്തെ സുരക്ഷാ-ഡാഷ്‌ക്യാം ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.