മകനെക്കുറിച്ചുള്ള രഹസ്യം സൂക്ഷിക്കാൻ ആഷ്ലി സെൻ്റ് ക്ലെയറിന് എലോൺ മസ്ക് വൻ തുക വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. 15 മില്യൺ ഡോളറിന് പുറമെ പ്രതിമാസം 100,000 ഡോളറും എലോൺ മസ്ക് വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 26 വയസ്സുള്ള ആഷ്ലി സെന്റ് ക്ലെയർ , ഒരു വലതുപക്ഷ എഴുത്തുകാരിയും സോഷ്യൽ മീഡിയ താരവുമാണ്. മസ്കിൻ്റെ 14 മക്കളിൽ ഒരാളുടെ അമ്മയായ ആഷ്ലി 2024 സെപ്റ്റംബറിൽ ആണ് മകൻ റോമുലസിന് ജന്മം നൽകിയത്.
ഗർഭധാരണത്തെക്കുറിച്ചും കുഞ്ഞിൻ്റെ ജനനത്തെക്കുറിച്ചും പുറത്തു പറയാതിരിക്കാനായി 15 മില്യൺ യുഎസ് ഡോളറും പ്രതിമാസം 100,000 ഡോളറും വാഗ്ദാനം ചെയ്തതായി സെൻ്റ് ക്ലെയർ WSJ-യോട് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഗർഭിണിയായിരിക്കെ, മസ്ക് സെൻ്റ് ക്ലെയറിന് ചെലവുകൾക്കായി 2 മില്യൺ ഡോളർ അയച്ചുവെന്നും പൊതുജനശ്രദ്ധ ഒഴിവാക്കാൻ ആഷ്ലി മിക്കപ്പോഴും അകത്ത് തന്നെ തുടർന്നുവെന്നും WSJ പറയുന്നു.
വാടക ഗർഭധാരണത്തിലൂടെ കുട്ടികളുടെ ഒരു 'സൈന്യം' തന്നെ കെട്ടിപ്പടുക്കാൻ മസ്ക് നീക്കം തുടങ്ങിയതായി വോൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്തത്. മസ്കിൻ്റെ കുട്ടികളുടെ അമ്മമാരാകാൻ താത്പര്യമുള്ളവരെ കണ്ടെത്താൻ സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സ് ഉപയോഗിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിക്കഴിഞ്ഞു. വാടക ഗർഭധാരണം വഴി തന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് മസ്കിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. 14 കുട്ടികളുടെ പിതാവാണ് മസ്കെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണം ഇതിലും കൂടുതലാകാം എന്നാണ് അഭ്യൂഹങ്ങൾ.