ഗാസയുടെ മൂന്നിലൊരു ഭാഗം പൂര്‍ണമായി സൈന്യത്തിന്‍റെ നിയന്ത്രണത്തിലെന്ന് ഇസ്രയേല്‍

By: 600007 On: Apr 17, 2025, 3:59 PM

 

 

കീവ്: ഗാസയുടെ മൂന്നിലൊന്ന് ഭാഗവും പൂര്‍ണമായി ഇസ്രയേല്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും തെക്കന്‍ ഗാസയിലെ വിഭജന രേഖയായ മൊറാഗ് ഇടനാഴി വികസിപ്പിക്കുകയാണെന്നും വ്യക്തമാക്കി ഇസ്രയേല്‍. ഈജിപ്ഷ്യൻ അതിർത്തിയോടുചേർന്ന റാഫയ്ക്കും തെക്കൻ ഗാസയിലെ വലിയ നഗരമായ ഖാൻ യൂനിസിനുമിടയിലാണ് ഇടനാഴി നിര്‍മ്മിച്ചിട്ടുള്ളത്

ഇസ്രയേല്‍ പുറത്തുവിട്ട ഒരു ഇന്‍ഫോഗ്രാഫിക് വീഡിയോയില്‍ റാഫയെയും ഖാന്‍ യൂനിസിനെയും വിഭജിക്കുന്ന മൊറാഗ് ഇടനാഴി കാണാം. മൊറാഗ് പണ്ടുണ്ടായിരുന്ന ഇസ്രയേലി കുടിയേറ്റ കേന്ദ്രമാണ്. പലസ്തീന്‍ നഗരങ്ങളായ ഖാൻ യൂനിസിനും റഫാക്കും ഇടയിലായിരുന്നു അത്. ഇങ്ങനെയൊരു ഇടനാഴി സ്ഥാപിച്ചതില്‍ ഗാസയുടെ സുഫ അതിർത്തിയും മൊറാഗുമായി ബന്ധിപ്പിച്ചിരുന്ന പഴയ വഴി തുറക്കൽ കൂടിയായിരുന്നു ലക്ഷ്യം. മൊറാഗ് ഇടനാഴി നിര്‍മ്മിച്ചതോടെ ഗാസ തെക്ക് - വടക്ക് - മധ്യം എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു. ഇതോടെ നഗരങ്ങളിലൂടെ ഗാസക്കാർക്ക് യാത്രകൾ അസാധ്യമായിരിക്കുകയാണ്. 

ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട സിറ്റിയായിരുന്ന ഖാന്‍ യൂനിസ് തകര്‍ന്ന് തരിപ്പണമായി ഒന്നും അവശേഷിക്കാത്ത പ്രേതനഗരമായി മാറിയ കാഴ്ച ഇസ്രയേല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. അവശേഷിക്കുന്ന ഗാസയെ രണ്ടായി വിഭജിക്കുകയും ബന്ദികളെ തിരിച്ച് കിട്ടുന്നതുവരെ ആക്രമണം രൂക്ഷമാക്കുകയുമാണ് ലക്ഷ്യമെന്ന് ബെഞ്ചമിന്‍  നെതന്യാഹു പറഞ്ഞിട്ടുണ്ട്.