ലഹരിക്കെതിരെ ഉള്ള പോരാട്ടം ശക്തമാക്കാൻ നിർബന്ധിത ചികിത്സാ ബിൽ അവതരിപ്പിച്ച് ആൽബർട്ട. ലഹരി ഉപയോഗത്തിൽ നിന്ന് മോചനം നൽകുന്നതിനായി വ്യക്തികൾക്ക് ചികിത്സ നൽകുന്നതാണ് നിയമം. ലഹരി ഉപയോഗം മറ്റുള്ളവർക്ക് കൂടി അപകടമാണെന്ന് തോന്നിയാൽ കുടുംബാംഗങ്ങൾ, മാതാപിതാക്കൾ, ആരോഗ്യ പരിപാലന വിദഗ്ധർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പുതിയ പ്രവിശ്യാ കമ്മീഷനിൽ നിന്ന് ചികിത്സാ ഉത്തരവിനായി അപേക്ഷിക്കാം.
ബിൽ പ്രകാരം, ഒരാളുടെ ലഹരി ഉപയോഗം അയാൾക്കോ, മറ്റുള്ളവർക്കോ അപകടകരമെന്ന് തോന്നിയാൽ, അയാളെ മൂന്ന് മാസം വരെ സുരക്ഷിതമായ സാഹചര്യങ്ങളിൽ ചികിത്സിക്കാൻ ഉത്തരവിടാം. അല്ലെങ്കിൽ ആറ് മാസം സമൂഹാടിസ്ഥാനത്തിലുള്ള ചികിത്സയ്ക്ക് വിധേയരാക്കാം. അടുത്ത വർഷം മുതൽ ഈ പരിപാടിയുടെ കീഴിൽ താൽക്കാലിക ചികിത്സാ സംവിധാനങ്ങൾ പ്രവർത്തിക്കാൻ തുടങ്ങും. എന്നാൽ 2029 ആകുമ്പോഴേക്കും 300 രോഗികളെ വരെ രണ്ട് പുതിയ ചികിത്സാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കാൻ കഴിയുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. ഇതിന് 180 മില്യൺ ഡോളർ ചിലവ് വരുമെന്നാണ് കണക്കുകൂട്ടൽ. ഈ നിയമനിർമ്മാണം ആൽബെർട്ട ബിൽ ഓഫ് റൈറ്റ്സിനും കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡത്തിനും അനുസൃതമായിരിക്കുമെന്ന് പ്രീമിയർ സ്മിത്ത് പറഞ്ഞു.