പോലീസിനു നേരെ അതിക്രമങ്ങള്‍, ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് ഭീഷണി; വാന്‍കുവറില്‍ പോലീസ് പട്രോളിംഗ് വര്‍ധിപ്പിച്ചു 

By: 600002 On: Apr 17, 2025, 11:56 AM

 


പോലീസ് ഉദ്യേഗസ്ഥര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നഗരത്തിലെ ഡൗണ്‍ടൗണ്‍ ഈസ്റ്റ്‌സൈഡ് പരിസരത്ത് പട്രോളിംഗ് വര്‍ധിപ്പിക്കുന്നതായി വാന്‍കുവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്(VPD).  ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാനുള്ള പദ്ധതി ഒരു സംഘം യുവാക്കള്‍ ആസൂത്രണം ചെയ്യുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതായി ആക്ടിംഗ് പോലീസ് ചീഫ് സ്റ്റീവ് റായ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പട്രോളിംഗ് ശക്തമാക്കാനായി പോലീസ് തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. 

സമീപകാലത്തായി നഗരത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  രണ്ട് ഉദ്യോഗസ്ഥരെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതും മറ്റൊരു ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതും കഴിഞ്ഞ മാസമാണ്. ഇത്തരം ആക്രമണങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പട്രോളിംഗ് ശക്തമാക്കുന്നത്. 

പട്രോളംഗിന്റെ ഭാഗമായി മറ്റുള്ള ഡിസ്ട്രിക്റ്റുകളില്‍ നിന്നും സ്‌പെഷ്യാലിറ്റി യൂണിറ്റുകളില്‍ നിന്നും അധിക ഓണ്‍-ഡ്യൂട്ടി ഓഫീസര്‍മാരെ പുനര്‍വിന്യസിച്ചിട്ടുണ്ട്. ഡൗണ്‍ടൗണ്‍ ഈസ്റ്റ്‌സൈഡിലും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ സംഘടിത കുറ്റകൃത്യങ്ങള്‍, ലഹരി ഉപയോഗം എന്നിവ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും വരുംദിവസങ്ങളിലുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.