കഴിഞ്ഞ വര്‍ഷം ജൂണില്‍ എയര്‍ഡ്രിയില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി ആര്‍സിഎംപി. 2024 ജൂണ്‍ 1ന് പുലര്‍ച്ചെ 3 മണിക്ക് എയര്‍ഡ്രിയിലെ നോസ് ക്രീക്ക് പാര്‍ക്കിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതി പഞ്ചാബ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
മെയിന്‍ സ്ട്രീറ്റ് ബിയര്‍ ആന്‍ഡ് ബാര്‍ബിക്യൂ റസ്റ്റോറന്റില്‍ നിന്നും വീട്ടിലേക്ക് വാഹനത്തില്‍ കൊണ്ടുവിടാമെന്ന് യുവതിയോട് പറയുകയും തുടര്‍ന്ന് യാത്രാമധ്യേ പ്രതി പാര്‍ക്കില്‍ വാഹനം നിര്‍ത്തി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടയില്‍ രക്ഷപ്പെട്ട സ്ത്രീ ലക്‌സ്റ്റോണിലുള്ള 7-11 കണ്‍വീനിയന്‍സ് സ്റ്റോറിലേക്ക് ഓടുകയും ചെയ്തു.
കടുംനീല അല്ലെങ്കില്‍ കറുപ്പ് നിറത്തിലുള്ള ടെസ്‌ല മോഡല്‍ വൈ അല്ലെങ്കില്‍ മോഡല്‍ 3 എന്ന് കരുതുന്ന വാഹനത്തിന്റെയും പ്രതിയുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-945-7267 എന്ന നമ്പറില്‍ എയര്‍ഡ്രി ആര്‍സിഎംപിയുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.