നഗരത്തിലൂടെ പറക്കുന്ന ദേശാടനപക്ഷികള്‍ക്ക് അവയുടെ സഞ്ചാരം എളുപ്പമാക്കുന്നതിനും പക്ഷികളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനുമായി ക്യാമ്പയിനുമായി ടൊറന്റോ. വര്‍ഷത്തില്‍ സ്പ്രിംഗ് സീസണിലും ഫാള്‍ സീസണിലും ദേശാടനപക്ഷികള്‍ക്ക് ഒരു പ്രധാന വിശ്രമകേന്ദ്രമാണ് ടൊറന്റോ. ഈ കാലയളവില്‍ നിരവധി ദേശാടന പക്ഷികളാണ് നഗരപ്രദേശങ്ങളില്‍ എത്തുന്നത്. ദേശാടന പക്ഷികള്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ടൊറന്റോ 'ലൈറ്റ്‌സ് ഔട്ട് ടൊറന്റോ' ക്യാമ്പയിന്‍ ആരംഭിച്ചു. മൈഗ്രേറ്ററി ബേര്‍ഡ് പ്രൊട്ടക്ഷന്‍ പോളിസി ഔദ്യോഗികമായി സ്വീകരിച്ച വടക്കേ അമേരിക്കയിലെ ആദ്യത്തെ സിറ്റിയാണ് ടൊറന്റോയെന്ന് ക്യാമ്പയിന്‍ വെബ്‌സൈറ്റ് പറയുന്നു. ഇതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ നടത്തുന്നത്.
ടൊറന്റോയിലെ വലിയ കെട്ടിടങ്ങളും മറ്റ് ഘടനകളും പക്ഷികള്‍ക്ക് പറക്കുമ്പോള്‍ അപകടമുണ്ടാക്കിയേക്കാം. കെട്ടിടങ്ങളുടെ ജനാലകളില്‍ ഇടിച്ച് വര്‍ഷവും 25 മില്യണ്‍ പക്ഷികള്‍ കൊല്ലപ്പെടുന്നതായി സിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. മിക്ക പക്ഷികളും രാത്രിയിലാണ് ദേശാടനം ചെയ്യുന്നത്. ചന്ദ്രനില്‍ നിന്നും നക്ഷത്രങ്ങളില്‍ നിന്നുമുള്ള സ്വാഭാവിക സൂചനകള്‍ അനുസരിച്ച് അവ സ്വയം സഞ്ചരിക്കുകയാണ് ചെയ്യുന്നത്. രാത്രിയില്‍ ദേശാടനം ചെയ്യുന്ന പക്ഷികളെ നഗരവിളക്കുകള്‍ നഗരപ്രദേശങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. മിക്കപ്പോഴും പക്ഷികള്‍ക്ക് കാണാന്‍ കഴിയാത്ത കെട്ടിടങ്ങളുടെ ജനാലകളില്‍ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നു. പക്ഷികളെ ഇത്തരം അപകടങ്ങളില്‍ നിന്നും തടയാന്‍ സഹായിക്കുന്നതിനായാണ് ക്യാമ്പയിന്‍. രാത്രിയില്‍ അത്യാവശ്യമല്ലാത്ത ലൈറ്റുകള്‍ ഓഫ് ചെയ്യാന്‍ നഗരത്തിലെ താമസക്കാരെയും വ്യാപാരികളെയും പ്രോത്സാഹിപ്പിക്കുകയാണ് സിറ്റി. കൂടുതല്‍ വിവരങ്ങള്‍ക്ക് ടൊറന്റോ വൈല്‍ഡ് ലൈഫ് സെന്റര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.