17 ഡോക്ടർമാർ പരാജയപ്പെട്ടു, പിന്നാലെ നാല് വയസുകാരനില്‍ അപൂർവ രോഗം കണ്ടെത്തി ചാറ്റ് ജിപിടി

By: 600007 On: Apr 16, 2025, 4:20 PM

 

 

നാല് വയസ്സുള്ള മകന്‍റെ നിഗൂഢമായ രോഗത്തെക്കുറിച്ചുള്ള ഉത്തരങ്ങൾക്കായി ചാറ്റ് ജിപിടി സഹായം തേടിയ അമ്മയ്ക്ക് ഒടുവിൽ ആശ്വാസം. നിരവധി ആശുപത്രികളിൽ കാണിക്കുകയും 17 ഡോക്ടർമാർ ശ്രമിച്ചിട്ടും കുട്ടിയുടെ അപൂർവ രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിലാണ് മകന്‍റെ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ അമ്മ സാങ്കേതിക വിദ്യയുടെ സഹായം തേടിയത്.

കോവിഡ് 19 പാൻഡെമിക്കിന് ശേഷമാണ് അലക്സ് എന്ന കുട്ടിയിൽ അപൂർവങ്ങളായ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അതികഠിനമായ പല്ലുവേദന, ശരീര വളർച്ച മന്ദഗതിയിലാകൽ, ശരീരത്തിന്‍റെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളിലൂടെയായിരുന്നു ഈ കുഞ്ഞ് കടന്നു പോയിരുന്നത്. മകന്‍റെ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും കൃത്യമായ ചികിത്സ ലഭ്യമാകുന്നതിനും വേണ്ടി അവൻറെ അമ്മ കോർട്ട്നി നിരവധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ ചികിത്സ തേടി. 17 ഓളം ഡോക്ടർമാരാണ് ഈ കാലയളവിനിടയിൽ കുട്ടിയെ ചികിത്സിച്ചത്. പക്ഷേ,  അവർക്ക് ആർക്കും കൃത്യമായ രോഗനിർണയം നടത്താനോ രോഗം ചികിത്സിച്ച് ഭേദമാക്കാനോ സാധിച്ചില്ല.

കുഞ്ഞിൻറെ അവസ്ഥ ഓരോ ദിവസം ചെല്ലുന്തോറും വഷളായി വന്നതോടെ കോർട്ട്നി അസാധാരണമായ ഒരു ശ്രമം 2023 - ല്‍ നടത്തി. അലക്സിന്‍റെ രോഗലക്ഷണങ്ങളും എംആർഐ സ്കാനിങ്ങുകളിൽ കണ്ടെത്തിയ കാര്യങ്ങളും അവൾ സൂക്ഷ്മതയോടെ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്തു. ആ വിവരങ്ങൾ പരിശോധിച്ച ചാറ്റ് ജിപിടി നൽകിയത് ഒരു അപൂർവ രോഗത്തിന്‍റെ സാധ്യതയായിരുന്നു. ടെതേർഡ് കോർഡ് സിൻഡ്രോം, എന്ന രോഗാവസ്ഥയായിരിക്കാം കുട്ടിക്ക് എന്നായിരുന്നു ചാറ്റ് ജിപിടിയുടെ കണ്ടെത്തൽ. ടിഷ്യു അറ്റാച്ച്‌മെന്‍റുകൾ സുഷുമ്‌നാ നാഡിയുടെ ചലനത്തെ പരിമിതപ്പെടുത്തുന്ന ഒരു അപൂർവ ന്യൂറോളജിക്കൽ ഡിസോർഡർ ആണിത്.

ചാറ്റ് ജിപിടി മുന്നോട്ട് വച്ച സാധ്യതകൾ പരിഗണിച്ച് കോർട്ട്നി ഓൺലൈനിലൂടെ സമാനമായ ലക്ഷണങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തി. ഒരു ന്യൂറോ സർജൻ ഒടുവിൽ അലക്സിന്‍റെ രോഗം സ്ഥിരീകരിച്ചു. വർഷങ്ങളോളം നീണ്ടുനിന്ന സംശയങ്ങൾക്കും അനിശ്ചിതാവസ്ഥയ്ക്കും ഒടുവിൽ ഈ നാല് വയസ്സുകാരൻ ഇപ്പോൾ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെ നടത്തിയ കുട്ടിയുടെ നട്ടെല്ല് ശസ്ത്രക്രിയ പൂർണവിജയമായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. വൈദ്യശാസ്ത്രത്തിലെ എഐയുടെ  സാധ്യതകളെ കുറിച്ചുള്ള ആഗോള ചർച്ചയ്ക്ക് ഈ സംഭവം വഴി തുറന്നു. എന്നാൽ, എഐ സാങ്കേതിക വിദ്യയ്ക്ക് വൈദ്യശാസ്ത്ര രംഗത്ത് വലിയ സംഭാവനകൾ ചെയ്യാൻ സാധിക്കുമെങ്കിലും യോഗ്യതയുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് പകരമാവില്ലെന്ന് മെഡിക്കൽ വിദഗ്ധർ ഊന്നി പറഞ്ഞു. ചില സന്ദർഭങ്ങളിൽ എഐയുടെ സഹായത്തോടെ ഇത്തരം അത്ഭുതങ്ങൾ സംഭവിക്കാമെങ്കിലും തെറ്റായ ഫലങ്ങൾ ലഭിക്കുവാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ലെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.