അന്യരാജ്യങ്ങളിൽ കുടുങ്ങിയ കഥകളുമായി നിരവധി പേർ, വിദേശ യാത്ര പോകാൻ മടിച്ച് കനേഡിയൻ പൌരന്മാർ

By: 600110 On: Apr 16, 2025, 2:22 PM

വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കാനഡക്കാർ ഭയക്കുന്നതായി റിപ്പോർട്ട്.  യാത്രയ്ക്കിടെ കനേഡിയൻ പൌരന്മാർ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വാർത്തൾ പുറത്ത് വന്നതോടെയാണ്  യാത്ര പോകാൻ ആളുകൾ മടിക്കുന്നത്.

കനേഡിയൻ ഐഡി നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ കാരണം അന്യരാജ്യങ്ങളിൽ കുടങ്ങിയ നിരവധി പേരുടെ കഥകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇങ്ങനെ കുടങ്ങിയ പല കനേഡിയൻ പൌരന്മാരും  അഭിമുഖീകരിക്കുന്നത് പലവിധ പ്രശ്നങ്ങളാണ്. പലരും കടക്കെണിയിലാകുകയും , ജോലി നഷ്ടപ്പെടൽ ഭീഷണി നേരിടുകയുമാണ്. ചിലരാകട്ടെ അപ്രതീക്ഷിത ചെലവുകൾ മൂലം നട്ടംതിരിയുകയാണ്. ഇത്തരത്തിൽ കനേഡിയൻ ഐഡി കാർഡ് നഷ്ടപ്പെട്ട് മെക്സിക്കോയിൽ കുടുങ്ങിയവരായിരുന്നു സ്റ്റീഫനും പൂനം മക്മുള്ളിനും. സ്ഥിര താമസ കാർഡിന് പകരം ഒരു അടിയന്തര രേഖ ലഭിക്കാൻ, ഇവർക്ക് മെക്സിക്കോയിൽ ചെലവഴിക്കേണ്ടി വന്നത്   ആഴ്ചകളോളമാണ്.    

സിബിസി ന്യൂസ് അടുത്തിടെ ഹെലൻ ബോബാറ്റിൻ്റെ കഥയും പുറത്തുവിട്ടിരുന്നു.  സ്ഥിര താമസ കാർഡ് മോഷ്ടിക്കപ്പെട്ടതോടെ,  കാനഡയിലേക്ക് മടങ്ങാനുള്ള അനുമതി നേടാൻ അവർ ആഴ്ചകളോളം കഷ്ടപ്പെട്ടു.  കാനഡയിലെ സ്ഥിര താമസക്കാരിയും ബ്രിട്ടീഷ് പൗരയുമായ അവർ ഓട്ടവയിൽ തിരിച്ചെത്തിയത് ഈ ആഴ്ചയാണ്. അടിയന്തര യാത്രയ്ക്കുള്ള അപേക്ഷ ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്നായിരുന്നു അവരുടെ യാത്ര നീണ്ടത്. കാനഡ സർക്കാരിൻ്റെ പോർട്ടലിലെ സാങ്കേതിക തടസങ്ങൾ  കാരണമാണ് ഈ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത്.