2.35 ദശലക്ഷത്തോളം താല്കാലിക വിസാ അപേക്ഷകൾ നിരസിച്ച് കനേഡിയൻ സർക്കാർ

By: 600110 On: Apr 16, 2025, 9:49 AM

2.35 ദശലക്ഷത്തോളം താല്കാലിക വിസാ അപേക്ഷകൾ കാനഡ നിരസിച്ചതായി റിപ്പോർട്ട്. ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻ്റ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആണ് ഇക്കാര്യം അറിയിച്ചത്. ഇമിഗ്രേഷൻ കൂടിയതോടെ ഭവന നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇമിഗ്രേഷൻ നടപടികൾ കൂടുതൽ കർക്കശമാക്കാൻ തീരുമാനിച്ചതിൻ്റെ ഭാഗമായാണ് 2.35 ദശലക്ഷത്തോളം താല്കാലിക വിസാ അപേക്ഷകൾ നിരസിക്കപ്പെട്ടതെന്നാണ് സൂചന.

1.95 സന്ദർശക വിസ അപേക്ഷകളാണ് 2024ൽ നിരസിക്കപ്പെട്ടത്. 2023നെ അപേക്ഷിച്ച് 40 ശതമാനത്തിൻ്റെ വർധനയാണ് ഈ വിഭാഗത്തിൽ ഉണ്ടായത്. കൂടാതെ 290317 സ്റ്റഡി പെർമിറ്റ് അപേക്ഷകളും 115549 വർക് പെർമിറ്റ് അപേക്ഷളും നിരസിക്കപ്പെട്ടു. പല സന്ദർശകരും അനുവദനീയമായ കാലയളവിലും കൂടുതൽ കാനഡയിൽ തങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വ്യക്തമല്ലാത്ത ഉദ്ദേശ്യങ്ങളോടെയുള്ള അപേക്ഷകൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇപ്പോൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. വിദ്യാർഥികളായി എത്തിയ അൻപതിനായിരത്തോളം പേർ പഠനം നടത്തുന്നില്ലെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സ്റ്റഡി പെർമിറ്റുകൾക്ക് പരിധി നിശ്ചയിച്ചത്.

ടൂറിസം, ആരോഗ്യം, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ വിദേശ തൊഴിലാളികളുടെ ആവശ്യം നിലവിലുണ്ട്. എന്നാൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി ഈ വിഭാഗത്തിലും സർക്കാർ വളരെ കുറച്ച് പേർക്ക് മാത്രമാണ് വിസ നല്കുന്നത്. ഈ വർഷം ഇത് വരെ വിവിധ വിഭാഗങ്ങളിലായി രണ്ട് ദശലക്ഷത്തിലധികം അപേക്ഷകളാണ് പരിഗണനയിൽ ഉള്ളത്.