വരാനിരിക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആവശ്യമായ വോട്ടര്‍ കാര്‍ഡ് വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നതായി ഇലക്ഷന്‍സ് കാനഡ. വോട്ടര്‍ കാര്‍ഡ് കൈപ്പറ്റാനുള്ള അവസാന തിയതി ഏപ്രില്‍ 11 ആയിരുന്നു. എന്നാല്‍ ഇതിന് ശേഷവും ചില വോട്ടര്‍മാര്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുകയാണ്. വോട്ടര്‍ കാര്‍ഡ് ലഭിക്കാത്ത വോട്ടര്‍മാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇലക്ഷന്‍സ് കാനഡ വക്താവ് ഫ്‌ളോറന്‍സ് റയാന്‍ അറിയിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ ചില പോളിംഗ് സ്ഥലങ്ങള്‍ തിരിച്ചറിയുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും അതിനാല്‍ വോട്ടര്‍ കാര്‍ഡുകളിലെ വിതരണത്തിലും ചെറിയ കാലതാമസം നേരിടുന്നുണ്ടെന്ന് അവര്‍ പറയുന്നു. ഏപ്രില്‍ 18 ന് ആരംഭിക്കുന്ന അഡ്വാന്‍സ് പോളിന് മുമ്പ് വോട്ടര്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാക്കുമെന്ന് അവര്‍ അറിയിച്ചു.
അതേസമയം, ഏപ്രില്‍ 11 നകം വോട്ടര്‍ കാര്‍ഡ് കൈപ്പറ്റാത്ത വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്‌തേക്കില്ലെന്ന് ഇലക്ഷന്‍സ് കാനഡ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. ഇതിനാലാണ് വോട്ടര്‍ കാര്‍ഡ് ലഭിക്കാത്ത പലരും ആശങ്കപ്പെടുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വോട്ടര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും എവിടെ വോട്ടുചെയ്യണമെന്നും വെബ്‌സൈറ്റില്‍ പരിശോധിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ഇലക്ഷന്‍സ് കാനഡയുടെ ഓണ്‍ലൈന്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ സര്‍വീസ്(ereg.elections.ca) ഉപയോഗിച്ച് ഇലക്ഷന്‍സ് കാനഡയുമായി ബന്ധപ്പെടുകയോ വോട്ടര്‍ ഹോട്ട്‌ലൈനായ 1-800-463-6868 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക.