അമേരിക്കയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ അക്കാദമിക് വിദഗ്ദ്ധർ ഒഴിവാക്കണമെന്ന് കനേഡിയൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്‌സ്. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഇത്. അത്യാവശ്യമാണെങ്കിൽ മാത്രമേ അക്കാദമിക് ജീവനക്കാർ യുഎസിലേക്ക് യാത്ര ചെയ്യാവൂ എന്ന് CAUT പുതുക്കിയ യാത്രാനിർദ്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു. ചില വിഭാഗങ്ങളിലുള്ള അക്കാദമിക് വിദഗ്ധർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ഇവർ പറയുന്നു. കാനഡയിലെ 120 സർവകലാശാലകളിലെയും കോളേജുകളിലെയും 72,000 അധ്യാപകരെയും ഗവേഷകരെയും മറ്റ് ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന അസോസിയേഷനുകളുടെയും ട്രേഡ് യൂണിയനുകളുടെയും കൂട്ടായ്മയാണ് കനേഡിയൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്‌സ് (CAUT).
യാത്രാ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും, യുഎസുമായി നയതന്ത്ര സംഘർഷം നിലനിൽക്കുന്ന ഒരു രാജ്യത്ത് നിന്നുള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണം., ട്രംപ് ഭരണകൂടത്തെക്കുറിച്ചോ അതിൻ്റെ നയങ്ങളെക്കുറിച്ചോ വിമർശനാത്മകമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചവർ പ്രത്യേകം ജാഗ്രത കാട്ടണമെന്നും മുന്നറിയിപ്പിലുണ്ട്. യുഎസുമായി നയതന്ത്ര സംഘർഷങ്ങൾ നിലനിൽക്കുന്നതോ, യാത്രാ വിലക്ക് ഏർപ്പെടുത്തിയതോ ആയ രാജ്യങ്ങൾ സമീപ കാലത്ത് സന്ദർശിച്ചവർക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. അധ്യാപകരും മറ്റ് ജീവനക്കാരും യാത്ര ചെയ്യേണ്ടിവന്നാൽ, അതിർത്തികൾ കടക്കുമ്പോൾ അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ എന്തൊക്കെ വിവരങ്ങളാണുള്ളതെന്ന് ശ്രദ്ധിക്കണം. അതിർത്തികളിൽ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട രഹസ്യാത്മകതയെയും അക്കാദമിക് സ്വാതന്ത്ര്യത്തെയും അപകടത്തിലാക്കും വിധമുള്ള തിരച്ചിലുകൾക്കുള്ള സാധ്യത കൂടുതലാണെന്നും CAUT മുന്നറിയിപ്പ് നൽകി.