കാനഡയും അമേരിക്കയും തമ്മിലുള്ള താരിഫ് യുദ്ധത്തില്‍ പ്രതിസന്ധിയിലായ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കനേഡിയന്‍ സര്‍ക്കാര്‍. കാനഡയില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്ന ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രതികാര താരിഫുകളില്‍ നിന്ന് ഇളവ് ലഭിക്കുമെന്ന് ധനകാര്യ മന്ത്രി ഫ്രാന്‍സ്വേ ഫിലിപ്പ് ഷാംപെയ്ന്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയില്‍ അസംബിള്‍ ചെയ്ത് കാനഡയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവാദമുള്ള താരിഫ് രഹിത വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, സംസ്‌കരണം, ഭക്ഷ്യ പാനീയ പാക്കേജിംഗ് എന്നിവയ്ക്ക് തടസ്സമില്ലാത്ത രീതിയില്‍ യുഎസ് അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ക്ക് ആറ് മാസത്തെ താല്‍ക്കാലിക താരിഫ് ഇളവ് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.