മറ്റ് കനേഡിയൻ നഗരങ്ങളിൽ ഡിമാൻഡ് കൂടുമ്പോൾ, ഗ്രേറ്റർ ടൊറൻ്റോയിലെ കോണ്ടോ വിപണിയിൽ മാന്ദ്യം തുടരുന്നു. ഇതിൽ ഉടൻ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ടൊറൻ്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡിൻ്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം ജിടിഎയിലുടനീളം ഏകദേശം 1,400 കോണ്ടോ വിൽപ്പന നടന്നു. 2024 മാർച്ചിനെ അപേക്ഷിച്ച് 23.5 ശതമാനം കുറവാണിത്.
കഴിഞ്ഞ വർഷം വായ്പാ ചെലവുകൾ കുറഞ്ഞത് പൊതുവെ ഭവന വിപണിയിൽ ഉണർവ്വുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഗ്രേറ്റർ ടൊറൻ്റോയിൽ വിതരണത്തിന് തയ്യാറായി ഒട്ടേറെ പ്രോജക്ടുകൾ പൂർത്തിയായിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ നല്കാൻ കഴിയുന്നില്ല. ഇതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. ഈ മേഖലയിൽ ഏറ്റവും കൂടുതൽ കോണ്ടോകൾ പൂർത്തിയായ റെക്കോർഡ് വർഷമായാണ് റിയൽ എസ്റ്റേറ്റ് നിരീക്ഷകർ 2024 നെ വിശേഷിപ്പിക്കുന്നത്. ലഭ്യമായ ഇൻവെൻ്ററിയും വാങ്ങുന്നവരുടെ എണ്ണവും തമ്മിലുള്ള കടുത്ത പൊരുത്തക്കേടിനാണ് ഇത് ഇടയാക്കിയത്. ഏകദേശം 5,500 പുതിയ കോണ്ടോ യൂണിറ്റുകൾ വിപണിയിലെത്തിയതോടെ ആ വിഭാഗത്തിലെ ആകെ സജീവ ലിസ്റ്റിംഗുകൾ ഏകദേശം 4,700 ആയി ഉയർന്നിട്ടുണ്ട്. ഇതെല്ലാം പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ കോണ്ടോ വിൽപ്പന അഞ്ചിലൊന്നായി കുറഞ്ഞതായും ബോർഡ് അറിയിച്ചു.