താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളുടെ വേതനം കുറയുമ്പോഴും ഏറ്റവും ധനികരായ കനേഡിയൻമാരുടെ നിക്ഷേപത്തിൽ വർദ്ധനയുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 2024 ലെ അവസാന മൂന്ന് മാസത്തെ കനേഡിയൻ പൌരന്മാരുടെ സമ്പത്തിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഏജൻസി തിങ്കളാഴ്ച പുറത്തിറക്കി. ധനികരും താഴ്ന്ന വരുമാനക്കാരും തമ്മിലുള്ള വരുമാന വിടവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കൊവിഡിന് ശേഷം സാമ്പത്തിക വിടവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2020ൽ ഇത് 39.7 ശതമാനം ആയിരുന്നെങ്കിൽ ഇപ്പോഴത് 47.1 ശതമാനം ആണ്. 2024ൻ്റെ അവസാന പാദത്തിൽ വർദ്ധനവിൻ്റെ വേഗത അല്പം കുറഞ്ഞിട്ടുണ്ട്. എങ്കിലും വരുമാനത്തിൽ ഏറ്റവും താഴെയുള്ള 40 ശതമാനം പേരുടെ നില കൂടുതൽ മോശമാവുകയാണ്. മറുവശത്ത് സമ്പന്നർ മുന്നേറ്റമുണ്ടാക്കുകയും ചെയ്യുന്നു. 2024ൻ്റെ രണ്ടാം പകുതിയിൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ ക്രമാനുഗതമായി കുറച്ചിരുന്നു. ഇത് പണം കടം വാങ്ങുന്നത് എളുപ്പമാക്കിയെങ്കിലും സമ്പദ്‌വ്യവസ്ഥയിൽ തിരിച്ചുവരവുണ്ടായില്ല. കോവിഡ് മൂലമുണ്ടായ അടച്ചുപൂട്ടലുകൾക്ക് ശേഷം വാർഷിക വേതനത്തിലുള്ള വളർച്ച ഏറ്റവും മന്ദഗതിയിലാണ് ഇപ്പോൾ. ഇത് മൂലം 2024-ൽ തൊഴിൽ വിപണിയിലെ സാഹചര്യങ്ങൾ ദുർബലമായി. എന്നാൽ രാജ്യത്തുടനീളം ഭവന വിപണിയിലുണ്ടായ മുന്നേറ്റം പ്രതീക്ഷ പകരുന്നതാണ്. പലിശ നിരക്കുകൾ കുറഞ്ഞതോടെ, പല കുടുംബങ്ങളും വീട് വാങ്ങുന്നതിനായി മുന്നോട്ട് വരുന്നുണ്ട്.