കാനഡയിൽ ചെറുപ്രായക്കാരിലെ പൊണ്ണത്തടിക്കുള്ള ചികിത്സാ രീതികളിൽ സമഗ്ര പരിഷ്കരണം നടത്താൻ സർക്കാർ. രണ്ട് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ബാല്യത്തിലെയും കൗമാരത്തിലെയും അമിതവണ്ണ ചികിത്സയ്ക്കുള്ള ദേശീയ ക്ലിനിക്കൽ മാർഗ്ഗനിർദ്ദേശം പുതുക്കിയത്. ജീവിത നിലവാരത്തിലും മാനസികാരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ സമീപനം. കൂടാതെ 12 വയസ്സും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് GLP-1 പോലുള്ള മരുന്നുകൾ ആവശ്യമുള്ളപ്പോൾ മാത്രം നൽകിയാൽ മതി എന്നാണ് സർക്കാർ പറയുന്നത്.
ഭക്ഷണക്രമവും വ്യായാമവും കൊണ്ട് മാത്രം ശരീരഭാരം കുറയ്ക്കാൻ കഴിയാത്ത കൗമാരക്കാർക്ക്, Ozempic , Wegovy പോലുള്ള GLP-1 മരുന്നുകൾ ഹെൽത്ത് കാനഡ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ചെറിയ കുട്ടികൾക്ക് ഈ മരുന്ന് അംഗീകരിച്ചിട്ടില്ല. ഒബിസിറ്റി കാനഡയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികളിലെ പൊണ്ണത്തടി കൈകാര്യം ചെയ്യുന്നതിനുള്ള 10 ശുപാർശകളും മുന്നോട്ട് വയ്ക്കുന്നുണ്ട്. സങ്കീർണ്ണവും, വിട്ടുമാറാത്തതും, വളരെയധികം അപമാനിക്കപ്പെടുന്നതുമായ ഒരു രോഗമാണ് അമിതവണ്ണമെന്ന് മാർഗ്ഗനിർദ്ദേശങ്ങളിലുണ്ട്. മാത്രമല്ല, ഇത് 200-ലധികം ആരോഗ്യ അവസ്ഥകൾക്കുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ തിങ്കളാഴ്ചയാണ് ഇത് പ്രസിദ്ധീകരിച്ചത്.