പുതിയ നോണ്‍-എമര്‍ജന്‍സി നമ്പര്‍ പുറത്തിറക്കി ആല്‍ബെര്‍ട്ട ആര്‍സിഎംപി 

By: 600002 On: Apr 15, 2025, 12:02 PM

 

 

പുതിയ നോണ്‍-എമര്‍ജന്‍സി നമ്പര്‍ പുറത്തിറക്കി ആല്‍ബെര്‍ട്ട ആര്‍സിഎംപി. റിപ്പോര്‍ട്ടിംഗ് പ്രോസസ് കാര്യക്ഷമമാക്കുന്നതിനും 911 ലേക്കുള്ള അനാവശ്യ കോളുകള്‍ കുറയ്ക്കുന്നതിനും പുതിയ നമ്പര്‍ അവതരിപ്പിച്ചിലൂടെ സാധിക്കുമെന്ന് പോലീസ് സര്‍വീസ് അറിയിച്ചു. 310-RCMP അല്ലെങ്കില്‍ 310-7267 എന്നതാണ് നോണ്‍-എമര്‍ജന്‍സി നമ്പര്‍. ഇത് പ്രവിശ്യയിലുടനീളം ആളുകള്‍ക്ക് അടിയന്തരമല്ലാത്ത പരാതികള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കും. കാല്‍ഗറിയിലും എഡ്മന്റണിലും പോലീസ് സേനകള്‍ക്ക് നോണ്‍-എമര്‍ജന്‍സി നമ്പര്‍ നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

പുതിയ നമ്പര്‍ ഉപയോഗിച്ച് ആര്‍സിഎംപി ഡിസ്പാച്ചര്‍മാര്‍ക്ക് കോള്‍, സ്‌റ്റേഷനിലേക്കാണോ അതോ അവരുടെ സ്വന്തം കോള്‍ ബാക്ക് യൂണിറ്റിലേക്ക്(സിബിയു) പോകണോയെന്ന് തീരുമാനിക്കാന്‍ കഴിയുമെന്ന് പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തേണ്ട ആവശ്യമില്ലാത്ത ഫയലുകള്‍ക്ക് സിബിയു പ്രതികരണം അറിയിക്കും. പിന്നീട് പരാതി അന്വേഷിക്കുമെന്നും ആര്‍സിഎംപി പറയുന്നു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കണ്ടെത്തിയാല്‍ സ്റ്റേഷനുകളെയോ പ്രത്യേക യൂണിറ്റുകളെയോ അറിയിക്കും. 

എല്ലാ കുറ്റകൃത്യങ്ങള്‍ക്കും 911 ലേക്ക് വിളിച്ച് അറിയിക്കേണ്ട ആവശ്യമില്ലെന്ന് പോലീസ് പറയുന്നു. അതിനാണ് നോണ്‍-എമര്‍ജന്‍സി നമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. ഗുരുതരമല്ലാത്ത വാഹനാപകടങ്ങള്‍, സംഭവിച്ചുകഴിഞ്ഞ അതിക്രമങ്ങള്‍, പണം, വ്യക്തിഗത വിവരങ്ങള്‍ തട്ടല്‍, തട്ടിപ്പുകള്‍, സ്വത്ത് നഷ്ടപ്പെടല്‍, 5000 ഡോളറില്‍ താഴെയുള്ള മോഷണം തുടങ്ങിയവയാണ് നോണ്‍-എമര്‍ജന്‍സി റിപ്പോര്‍ട്ടുകള്‍. ഇവ പ്രധാനപ്പെട്ടതും അന്വേഷണം ശക്തമാക്കുമെങ്കിലും എമര്‍ജന്‍സി കേസായി തരംതിരിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.