ദേ പോയി, ദാ വന്നു! പോപ്പ് ഗായികയടക്കം 6 വനിതകൾ, ബഹിരാകാശ വിനോദസഞ്ചാര യാത്രകളിൽ ചരിത്രമെഴുതി എൻഎസ് 31 ദൗത്യം

By: 600007 On: Apr 15, 2025, 6:53 AM

 

ടെക്സസ്:ബഹിരാകാശ വിനോദ സഞ്ചാര യാത്രകളുടെ ചരിത്രത്തിൽ പുതു അധ്യായമെഴുതി ബ്ലൂ ഒറിജിന്‍റെ എൻ എസ് 31 ദൗത്യം വിജയം. പ്രശസ്ത പോപ്പ് ഗായിക കാറ്റി പെറി, ബ്ലൂ ഒറിജിൻ ഉടമ ജെഫ് ബെസോസിന്‍റെ പ്രതിശ്രുത വധു ലൗറൻ സാഞ്ചേസ് അടക്കം ആറ് വനിതകളായിരുന്നു യാത്രക്കാർ. ന്യൂ ഷെപ്പേഡ് റോക്കറ്റിന്‍റെ സഹായത്തോടെ ഉപരിതലത്തിൽ നിന്ന് 105 കിലോമീറ്റർ ഉയരെ വരെ പോയി അവിടെ പത്ത് മിനിട്ടോളം ചിലവഴിച്ച് ശേഷം പേടകം തിരികെ ഭൂമിയിലിറങ്ങി.

ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള എയ്‌റോസ്പേസ് കമ്പനിയാണ് ബ്ലൂ ഒറിജിൻ. ബ്ലൂ ഒറിജിനിന്‍റെ പുതിയ 'ന്യൂ ഷെപ്പേർഡ്' റോക്കറ്റ് നടത്തുന്ന 11-ാം മനുഷ്യ ബഹിരാകാശ ദൗത്യമാണ് NS-31.ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കർമാൻ ലൈനിന്‍റെ മുകളിലൂടെയാണ് പേടകം സഞ്ചരിച്ചത്.പ്രശസ്ത ഗായിക കാറ്റി പെറി, ഐഷ ബോവ്, അമാൻഡ ന്യൂഗുയെൻ, ഗെയ്ൽ കിംഗ്, കെറിയാൻ ഫ്ലിൻ, ലോറൻ സാഞ്ചസ് എന്നിവരാണ് യാത്രയിൽ പങ്കെടുത്തവര്‍.