ആൽബെർട്ടയിൽ ശസ്ത്രക്രിയയ്ക്കുള്ള കാത്തിരിപ്പ് സമയം കുറക്കുന്നതിനായി വെയ്റ്റ് ഗ്യാരണ്ടി എന്ന ആശയം മുന്നോട്ടു വെച്ച് പ്രീമിയർ ഡാനിയേൽ സ്മിത്ത്. തൻ്റെ ടോക്ക് ഷോയിലാണ് അവർ ഇത്തരത്തിൽ ഒരു ആശയം മുന്നോട്ടുവച്ചത്. ശസ്ത്രക്രിയകൾക്കുള്ള പുതിയ ഫണ്ടിംഗ് മാതൃകയിൽ പ്രവിശ്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രീമിയർ കൂട്ടിച്ചേർത്തു.
യുവർ പ്രൊവിൻസ്, യുവർ പ്രീമിയർ" എന്ന പരിപാടിയിൽ ഒരാൾ പരാതിപ്പെട്ടതിനെ തുടർന്നാണ് സ്മിത്ത് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. മൂന്നര വർഷത്തെ കാത്തിരിപ്പ് കാരണം ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി മെക്സിക്കോയിലേക്ക് പോയതായി പരിപാടിയിൽ പരാതിയുമായെത്തിയ മാർസെൽ പറഞ്ഞു. ശസ്ത്രക്രിയകൾക്കുള്ള സർക്കാരിൻ്റെ പുതിയ പേയ്‌മെൻ്റ് മോഡലായ " ആക്ടിവിറ്റി ബെയ്സ്ഡ് ഫണ്ടിംഗ് " ഉയർത്തിക്കാട്ടി, ചാർട്ടേഡ് സൗകര്യങ്ങൾ വർഷം തോറും കൂടുതൽ ശസ്ത്രക്രിയകൾ ഏറ്റെടുക്കുന്നുണ്ടെന്നും ആൽബെർട്ട ഹെൽത്ത് സർവീസസിന് (AHS) ശസ്ത്രക്രിയകൾക്കായി സർക്കാർ കോടിക്കണക്കിന് രൂപയുടെ ധനസഹായം നൽകുന്നുണ്ടെന്നും ഡാനിയേൽ സ്മിത്ത് പറഞ്ഞു. വലിയ കാത്തിരിപ്പ് സമയം കാരണം , ചികിത്സയ്ക്കായി ഒരാൾക്ക് പ്രവിശ്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യേണ്ടി വന്നാൽ, അവർക്ക് പൂർണ്ണമായി നഷ്ടപരിഹാരം നൽകുമെന്നും പ്രീമിയർ പറഞ്ഞു. കഴിഞ്ഞ ആഴ്ച, ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രേഞ്ച്, നടപടിക്രമങ്ങൾക്കുള്ള പ്രവർത്തനാധിഷ്ഠിത ഫണ്ടിംഗിലേക്കുള്ള മാറ്റം പ്രഖ്യാപിച്ചിരുന്നു. നടത്തുന്ന ഓപ്പറേഷനുകളുടെ എണ്ണവും തരവും അടിസ്ഥാനമാക്കി ഫണ്ടിംഗ് നൽകുന്നതാണ് പദ്ധതി.