കാനഡയിലെ ടൊറൻ്റോയിൽ റോബോട്ടുകളെ ഉപയോഗിച്ച് ഹൃദയ ശസ്ത്രക്രിയ

By: 600110 On: Apr 14, 2025, 1:53 PM

 

ടൊറൻ്റോയിൽ ഹൃദയ ശസ്ത്രക്രിയയ്ക്കായി റോബോർട്ടുകളെ ഉപയോഗിക്കുന്നു. നഗരത്തിലെ സെൻ്റ് മൈക്കിൾസ് ആശുപത്രിയിലാണ്, ആദ്യമായി റോബോർട്ടുകളെ ഉപയോഗിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.  ഹൃദയ ശസ്ത്രക്രിയയിൽ ഉൾപ്പെടെ റോബോട്ടുകളെ  ഉപയോഗിക്കുന്നത്  ഭാവിയിൽ രോഗികൾക്ക് മികച്ച ഫലം നൽകുന്നതിന് വഴിയൊരുക്കും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

 അറുപതുകാരനായ  ഫെറൻക് ജാക്കബിൻ്റെ ഹൃദയ ശസ്ത്രക്രിയയ്ക്കാണ്  റോബോട്ടിനെ ഉപയോഗിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ജാകബ് ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു.  ഇടുപ്പ്, കാൽമുട്ട് മാറ്റിവയ്ക്കൽ , നട്ടെല്ല് ശസ്ത്രക്രിയകൾ , ഹിസ്റ്റെരെക്ടമികൾ തുടങ്ങിയവയ്ക്കായി റോബോർട്ടുകളെ ഉപയോഗിക്കാനായി കൂടുതൽ ആശുപത്രികൾ രംഗത്തെത്തുന്നുണ്ട്. റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ചെറിയ മുറിവുകൾ മാത്രമാണ് ഉണ്ടാകുന്നത്. ഇതിന് പുറമെ കുറഞ്ഞ വേദന, അണുബാധയ്ക്കുള്ള സാധ്യത കുറവ്, വളരെ വേഗത്തിൽ സുഖം പ്രാപിക്കൽ എന്നീ കാരണങ്ങൾ മുൻനിർത്തിയാണ്  പലരും  റോബോട്ടിക് ശസ്ത്രക്രിയ സ്വീകരിക്കുന്നത്. 

 ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ റോബോട്ടിക് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ആദ്യത്തെ രോഗി ജാക്കബ് ആണ്.  റോബോർട്ടിക് ശസ്ത്രക്രിയയുടെ ആനുകൂല്യങ്ങൾ അപകടസാധ്യതകളെ മറികടക്കുമെന്ന് ജാക്കബ് പറഞ്ഞു. മാർച്ച് 26 ന് ആണ് ഡാവിഞ്ചി എന്ന റോബോട്ട്, പരിശീലനം ലഭിച്ച ഹൃദയ ശസ്ത്രക്രിയാ വിദഗ്ധർ, നഴ്‌സുമാർ, അനസ്‌തേഷ്യോളജിസ്റ്റുകൾ എന്നിവരുടെ ഒരു സംഘത്തോടൊപ്പം, ശസ്ത്രക്രിയ നടത്തിയത്.  ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ ഇത്തരത്തിലുള്ള ആദ്യത്തെ റോബോട്ടിക് ഹൃദയ ശസ്ത്രക്രിയയും കാനഡയിലുടനീളം നടത്തിയ അഞ്ച് ശസ്ത്രക്രിയകളിൽ ഒന്നുമാണ് ഇത്.