കാനഡയില്‍ ജോലി നിലനിര്‍ത്താന്‍ കമ്പനി 25,000 ഡോളര്‍ ആവശ്യപ്പെട്ടു; ഇന്ത്യന്‍ സ്വദേശിക്ക് ബീസി ട്രിബ്യൂണല്‍ 115,000 ഡോളര്‍ നഷ്ടപരിഹാരം വിധിച്ചു 

By: 600002 On: Apr 14, 2025, 1:35 PM

 

റിച്ച്മണ്ടിലുള്ള ട്രക്ക് റിപ്പയര്‍ കമ്പനിയില്‍ ജോലി ലഭിക്കാന്‍ 25,000 ഡോളര്‍ നല്‍കേണ്ടി വന്ന ഇന്ത്യന്‍ സ്വദേശിക്ക് ബ്രിട്ടീഷ് കൊളംബിയ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ട്രിബ്യൂണല്‍ 115,574.69 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. കമ്പനിയില്‍ ജോയിന്‍ ചെയ്‌തെങ്കിലും അവിടെ ശമ്പളം കുറവാണെന്ന് അവകാശപ്പെട്ടായിരുന്നു മെക്കാനിക്ക് ഹര്‍മീന്ദര്‍ സിംഗ് പരാതി നല്‍കിയത്. റിച്ച്മണ്ടിലെ എ.ജെ ബോയല്‍ ട്രക്ക് റിപ്പയര്‍ ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഹര്‍മീന്ദര്‍ സിംഗ് മെക്കാനിക്കായി ജോലിക്ക് കയറിയത്. എന്നാല്‍ ജോലിക്ക് കയറുമ്പോള്‍ വാഗ്ദാനം ചെയ്തത് പോലെ ശമ്പളം കുറച്ചാണ് നല്‍കിയത്. കമ്പനി ഹര്‍മീന്ദര്‍ സിംഗിന് നല്‍കാനുള്ള പണവും, നിയമപരമായ അവധി, അവധിക്കാല വേതനം, പലിശ എന്നിവ കണക്കാക്കിയാണ് ട്രിബ്യൂണല്‍ തുക വിധിച്ചത്. 

2018 ലാണ് സിംഗ് കാനഡയിലെത്തിയത്. ബോയലുമായി തൊഴില്‍ കരാറില്‍ ഒപ്പുവെച്ച സിംഗ് ഒരു മാസത്തേക്ക് ഇന്ത്യയിലേക്ക് മടങ്ങി. കാനഡയിലേക്ക് മടങ്ങിയെത്തിയ സിംഗ് ബോര്‍ഡറില്‍ ഒരു വര്‍ക്ക് പെര്‍മിറ്റ് നേടി 2018 ജൂലൈയില്‍ കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങി. 2019 ഒക്ടോബറില്‍ അദ്ദേഹം ജോലി ഉപേക്ഷിച്ചു. 

ജോലി ഉറപ്പിക്കാന്‍ 25,000 ഡോളര്‍ താന്‍ നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടതായി സിംഗ് ആരോപിക്കുന്നു. ആദ്യ ഗഡുവായി 10,000 ഡോളര്‍ നല്‍കിയതായി സിംഗ് അവകാശപ്പെട്ടു. കാനഡയില്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് അനുസരിച്ച്, തൊഴില്‍ തേടുന്ന ഒരാളില്‍ നിന്ന് നേരിട്ടോ അല്ലാതെയോ ജോലിക്ക് പണം ആവശ്യപ്പെടുകയോ ഈടാക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. 

സിംഗിന് അനുകൂലമായി വിധി പറയുമ്പോള്‍ ബോയലും അദ്ദേഹത്തിന്റെ അഭിഭാഷകനായ പിര്‍ ഇന്ദര്‍ പോള്‍ സിംഗ് സഹോട്ടയും സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ വിശ്വസനീയമല്ലെന്ന് എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഡയറക്ടറുടെ പ്രതിനിധി ഷാനന്‍ കൊറീഗന്‍ കണ്ടെത്തി.