അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങൾക്കിടെ കാനഡക്കാർക്ക് അവധിക്കാലം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനായി കാനഡ സ്ട്രോംഗ് പാസ് പുറത്തിറക്കി പ്രധാനമന്ത്രി മാർക്ക് കാർണി. അവധിക്കാലത്ത് രാജ്യത്തെ കൂടുതൽ അറിയുന്നതിനായുള്ള യാത്രകൾ കുടുംബങ്ങൾക്കും യുവാക്കൾക്കും എളുപ്പമാക്കുന്നതിനുള്ള ഒരു മാർഗമാണിത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും പരമാധികാരത്തെയും ഭീഷണിപ്പെടുത്തുന്നതിനാൽ, നമ്മുടെ മനോഹരമായ രാജ്യത്തെ കണ്ടെത്താനും ആഘോഷിക്കാനുമുള്ള പുതിയ വഴികൾ കണ്ടെത്താൻ കനേഡിയൻ പൗരന്മാർ ഒന്നിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് കാർണി പുതിയ സംരംഭം പ്രഖ്യാപിച്ചത്. കാനഡ സ്ട്രോങ് പാസ് വഴി 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ദേശീയ ഗാലറികളിലും മ്യൂസിയങ്ങളിലും സൗജന്യമായി പ്രവേശിക്കാൻ കഴിയും. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ VIA റെയിലിൽ സൗജന്യമായി യാത്ര ചെയ്യാനും കഴിയും. 2025 ജൂൺ മുതൽ ഓഗസ്റ്റ് വരെ ഈ പാസ് ലഭ്യമാകും. 18 നും 24 നും ഇടയിൽ പ്രായമുള്ള യുവ കനേഡിയൻമാർക്ക് ഈ പാസ് ഉപയോഗിക്കാനാകും. ദേശീയ പാർക്കുകളിലേക്കും, ചരിത്ര സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുകയും, ദേശീയ ആർട്ട് ഗാലറി, മ്യൂസിയം ഇവയൊക്കെ സന്ദർശിക്കുകയും വഴി രാജ്യത്തെക്കുറിച്ച് അറിയാൻ പുതുതലമുറയ്ക്ക് കഴിയുമെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു